സമാധാന നീക്കം; സുഡാൻ കക്ഷികൾ തമ്മിലടി അവസാനിപ്പിക്കണം
text_fieldsറിയാദ്: സുഡാനിൽ പരസ്പരം നടത്തുന്ന പോരാട്ടം അവസാനിപ്പിച്ച് സുസ്ഥിര രാഷ്ട്രീയ ഭാവിക്ക് വഴിയൊരുക്കണമെന്ന് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജി പറഞ്ഞു. സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുേവണ്ടി മോറിത്താനിയയിൽ നടക്കുന്ന മൂന്നാമത് കൂടിയാലോചനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സൗദി മന്ത്രി സുഡാനിൽ പരസ്പരം പോരടി തുടരുന്ന കക്ഷികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പോരാട്ടം അവസാനിപ്പിക്കുക, സുഡാനീസ് ജനതയോടുള്ള മാനുഷിക ഇടപെടൽ ശക്തിപ്പെടുത്തുക, രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വഴിയൊരുക്കുക, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, ഐക്യവും പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുക, വിദേശ ഇടപെടൽ അവസാനിപ്പിക്കുക എന്നിവയാണ് സുഡാൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമെന്നും സൗദി മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യ വലിയ ശ്രമങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.
അമേരിക്കക്കൊപ്പം സൗദിയും സുഡാനിൽ ആഭ്യന്തര സംഘർഷത്തിലേർപ്പെട്ട ഇരു പാർട്ടികളുമായുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചു. ജിദ്ദയിൽ നടന്ന ചർച്ചകളിൽ ഈ ഇരുകക്ഷികളും ‘സുഡാൻ ജനതയെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത’ സംബന്ധിച്ച ജിദ്ദ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതാണ്. മാത്രമല്ല ഹ്രസ്വകാല വെടിനിർത്തൽ കരാറിലും ഒപ്പുവെച്ചു. സുഡാൻ പ്രതിസന്ധിക്ക് സുസ്ഥിര രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ജിദ്ദ ചർച്ചക്കും സൗദി ആതിഥേയത്വം വഹിച്ചു.
അതേ ദിശയിലുള്ള ശ്രമം തുടരുക തന്നെയാണ്. പോരാട്ടം അവസാനിപ്പിക്കുന്നതിനും ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും സഹോദര അറബ്, ഇസ്ലാമിക രാജ്യങ്ങളുമായും സൗഹൃദ രാജ്യങ്ങളുമായും ഏകോപനം തുടരേണ്ടതുണ്ടെന്നും അൽ-ഖുറൈജി ആവർത്തിച്ചു.
2023 മേയ് 11ന് ഒപ്പുവെച്ച ജിദ്ദ ഉടമ്പടി നടപ്പാക്കാനുള്ള പ്രതിബദ്ധത പാലിക്കാൻ പരസ്പരം പോരടിക്കുന്ന കക്ഷികളോട് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. യുദ്ധത്തിന്റെ വിപത്തിൽനിന്ന് സുഡാനീസ് ജനതയെ മോചിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ഒരു ചുവടുവെപ്പാണ് ഈ കൂടിയാലോചന യോഗം.
പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സൗദി സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.