ആണവോർജത്തിന്റെ സമാധാന ഉപയോഗം; സൗദിയുടെ താൽപര്യം തികച്ചും നിയമാനുസൃതം -അന്താരാഷ്ട്ര ആണവോർജ ഏജൻസി
text_fieldsറിയാദ്: ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള സൗദി അറേബ്യയുടെ അഭിലാഷങ്ങൾ തികച്ചും നിയമാനുസൃതമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. ‘അൽ അറബിയ’ ചാനലിന് ശനിയാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആണവോർജം സംബന്ധിച്ച അന്താരാഷ്ട്ര നിയന്ത്രണങ്ങൾക്കും ആണവോർജ ഏജൻസിയുമായുള്ള അടുത്ത സഹകരണത്തിനും കീഴിൽ സൗദിക്ക് ഇക്കാര്യത്തിലുള്ള അവകാശങ്ങളുടെ വ്യാപ്തിയെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശുദ്ധമായ ഊർജസ്രോതസ്സുകളിൽനിന്ന് പ്രയോജനം നേടാനുള്ള അവകാശം സൗദിക്കുണ്ട്.
ശുദ്ധമായ ഊർജ സങ്കൽപത്തിലേക്കുള്ള ക്രമാനുഗതമായ പരിവർത്തനത്തിന് പുറമെ ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗം കാർബൺ രഹിത ഭാവിയിലേക്ക് നയിക്കുന്ന വ്യക്തമായ പാതയാണ്. കാലാവസ്ഥ വ്യതിയാന ചർച്ചകൾക്കിടെ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണിതെന്നും ഗ്രോസി സൂചിപ്പിച്ചു.
അതേസമയം, കഴിഞ്ഞ വർഷമാണ് സൗദി അറേബ്യക്ക് ആദ്യത്തെ ആണവനിലയം നിർമിക്കാനുള്ള ദേശീയ പദ്ധതിയുണ്ടെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ വെളിപ്പെടുത്തിയത്. 2022ൽ ഇൻറർനാഷനൽ അറ്റോമിക് എനർജി ഏജൻസി ആരംഭിച്ച ‘റെയ്സ് ഓഫ് ഹോപ്’ സംരംഭത്തിന് 25 ലക്ഷം ഡോളറിന്റെ സൗദിയുടെ പിന്തുണ അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ ഉപയോഗിച്ച് അർബുദത്തെ നിയന്ത്രിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നതിനാണിത്.
ഒക്ടോബറിൽ തുറക്കാൻ ഉദ്ദേശിക്കുന്ന സീബർസ് ഡോർഫിലെ ആണവ സുരക്ഷ പരിശീലനകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിലും ഏജൻസിയെ സൗദി അഭിനന്ദിച്ചിരുന്നു. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് സാമ്പത്തികമായി അതിന് സഹായം നൽകാനും പിന്തുണക്കാനുമുള്ള ആശയം സൗദി ആരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.