അൽഖസീമിൽ പീച്ച് പഴത്തിന്റെ വിളവെടുപ്പുകാലം
text_fieldsബുറൈദ: അത്തിപ്പഴവും മുന്തിരിയും മാതളവും വിളയുന്ന അൽഖസീമിന്റെ മണ്ണിൽ ഇത്തവണ മറ്റൊരു കായ്ഫലം കൂടി താരമായി. പോഷകസമൃദ്ധമായ പീച്ച് പഴമാണ് ഇത്തവണ ജനങ്ങളുടെ മനം കവർന്നത്. പ്രവാസികളടക്കം നിരവധി കുടുംബങ്ങളാണ് പോഷക സമൃദ്ധമായ പീച്ച് പഴങ്ങൾ ശേഖരിക്കൻ തോട്ടങ്ങളിൽ എത്തുന്നത്. ബുറൈദ നഗരത്തിൽനിന്ന് 110 കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന സുലൈബിയ ഗ്രാമത്തിലാണ് പീച്ച് സമൃദ്ധമായി വിളയുന്ന ‘ആലിയ അൽ ഖസീം’ എന്ന തോട്ടം.
പച്ചവിരിച്ച വിശാലമായ തോട്ടത്തിലേക്ക് കടന്നാൽ അധികം ഉയരമില്ലാത്ത നൂറുകണക്കിന് മരങ്ങളിൽ പഴുത്തുതുടുത്ത പീച്ച് പഴങ്ങൾ കാണാം. ചൈന, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ മിത കാലാവസ്ഥയിൽ വളരുന്ന പീച്ച് മരത്തിന്റെ തൈകൾ തോട്ടത്തിന്റെ ഉടമസ്ഥൻ മുഹമ്മദ് അൽ ഹുവൈലി കേവലം പരീക്ഷണാടിസ്ഥാനത്തിലാണ് നട്ടുപിടിപ്പിച്ചത്. ഋതുഭേദങ്ങൾക്കിടെ കഠിനമായ തണുപ്പും ചൂടും കടന്നുപോകുന്ന ഖസീമിലെ മരുഭൂമി പക്ഷേ, ഈ കർഷകനെ കൈവെടിഞ്ഞില്ല. നാലാം വർഷം മുതൽ താരതമ്യേന നല്ല വിളവ് ലഭിച്ചതായി അദ്ദേഹം പറയുന്നു. 4000 ത്തിലധികം മരങ്ങളുള്ള തോട്ടത്തിൽ ഇക്കൊല്ലം നല്ല ഫലസമൃദ്ധി ലഭിച്ചതിൽ അദ്ദേഹം ദൈവത്തെ സ്തുതിക്കുന്നു.
കടൽ താണ്ടിയും മറ്റും വിദേശത്തുനിന്ന് വന്നുകൊണ്ടിരുന്ന പീച്ച് പഴം അൽ ഹുവൈലിയുടെ തോട്ടത്തിൽനിന്ന് പ്രാദേശിക വിപണിയിലേക്കും സൗദിയിലെ പ്രമുഖ നഗരങ്ങളിലേക്കും എത്തുന്ന കാഴ്ചയാണിപ്പോൾ. തോട്ടം സന്ദർശിക്കുന്നവരെ വിളവെടുപ്പിൽ പങ്കാളിയാക്കാൻ അദ്ദേഹത്തിന് മടിയില്ല. ഒരു പെട്ടി പീച്ച് പഴത്തിന് 25 റിയാൽ നൽകിയാൽ മതിയാകും. മേയ് മാസത്തിൽ തുടങ്ങിയ വിളവെടുപ്പ് ഏതാനും ദിവസങ്ങൾ കൂടി നീണ്ടുനിൽക്കും.
വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ പീച്ച് പഴം അയേൺ, ഫ്ലൂറൈഡ്, പൊട്ടാസ്യം എന്നീ ധാതുക്കളടങ്ങിയതും ഹൃദയാരോഗ്യത്തിന് ഉത്തമവുമാണ്. ദഹനപ്രക്രിയയെ സഹായിക്കുന്ന ഇത് കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്നു. ശ്വാസകോശത്തെയും കുടലിനെയും ബാധിക്കുന്ന അർബുദം തടയാൻ ഇതിന് ശേഷിയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീര ഭാരം ക്രമീകരിക്കാൻ സഹായിക്കുന്ന പീച്ച് ഒരു സൗന്ദര്യ സംരക്ഷക ഫലം കൂടിയാണ്. ഇന്ത്യയിൽ മേഘാലയയിലാണ് ഇത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, സിക്കിം എന്നിവിടങ്ങളിലും ഇത് ഉൽപാദിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.