വനിതകളുടെ സംഘാടനത്തിൽ 'പെൺപുലരി' കലാവിരുന്ന് ഈ മാസം ഒമ്പതിന് ജിദ്ദയിൽ
text_fieldsജിദ്ദ: വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്‌റ്ററിന് കീഴിൽ പൂർണമായും വനിതകൾ മാത്രം സംഘാടകരായിട്ടുള്ള മെഗാ കലാവിരുന്ന് ഈ മാസം ഒമ്പതിന് ജിദ്ദയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വൈകീട്ട് ആറ് മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ നടിയും ഗായികയുമായ അനാർക്കലി മരിക്കാർ, പിന്നണി ഗായിക പാർവതി മേനോൻ എന്നിവർ അതിഥികളായിരിക്കും.
ഇവർക്ക് പുറമെ ജിദ്ദയിലെ ഗായികമാരുടെ ഗാനങ്ങളും കലാകാരികളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. കഴിവുകളുണ്ടായിട്ടും അവസരങ്ങൾ ലഭിക്കാതിരിക്കുന്ന ജിദ്ദയിലെ വീട്ടമ്മമാർ ഉൾപ്പെടെയുള്ള കലാകാരികൾക്ക് അവരുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കുക എന്നതും ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിച്ചതിലൂടെ തങ്ങൾ ലക്ഷ്യം വെക്കുന്നതായി സംഘാടകർ അറിയിച്ചു.
സ്ത്രീകൾ മാത്രമാണ് സംഘാടകരും കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നവരെങ്കിലും പരിപാടി കാണുന്നതിന് പുരുഷന്മാരുൾപ്പെടെ എല്ലാവരെയും ക്ഷണിക്കുന്നതായും അവർ അറിയിച്ചു. ഇതാദ്യമായി പ്രത്യേകം കളർ ഡ്രസ് കോഡ് തെരഞ്ഞെടുത്ത് നടക്കുന്ന പരിപാടി എന്ന പ്രത്യേകത കൂടി ഈ കലാവിരുന്നിനുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളും പരമാവധി പിങ്ക് കളർ ഡ്രസ് ധരിച്ചുവരണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിർബന്ധമില്ല. മെഗാ ഇവന്റിനോടനുബന്ധിച്ച് ജിദ്ദയിൽ 25 വർഷം പ്രവാസം പൂർത്തിയാക്കുകയും വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവരുമായ സ്ത്രീകളെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ആഗോള വനിതാ ശാക്തീകരണം ലക്ഷ്യമാക്കി യു.എ.ഇയിലെ റസീല സുധീറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടനയാണ് വേൾഡ് മലയാളി ഹോം ഷെഫ്. സോഫിയാ സുനിലാണ് ജിദ്ദ കോർഡിനേറ്റർ. നാല് വർഷം പിന്നിട്ട വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്ററിൽ നിലവിൽ 210 അംഗങ്ങൾ ഉണ്ടെന്നും സംഘാടകർ അറിയിച്ചു. സോഫിയ സുനിൽ, സുഹ്‌റ ഷൗക്കത്ത്, നൂരിഷ ബാവ, റുഫ്‌ന ഷിഫാസ്, മൗഷ്‌മി ശരീഫ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.