യൂത്ത് ഇന്ത്യ സോക്കറിനെ വിജയത്തിലേക്ക് നയിച്ചതിവർ
text_fieldsറിയാദ്: മൂന്നാമത് മീഡിയവൺ സൂപ്പർ കപ്പിൽ സ്പോർട്ടിങ് എഫ്.സിയെ മറുപടിയില്ലാത്ത ഏക ഗോളിന് തോൽപിച്ച് യൂത്ത് ഇന്ത്യ സോക്കർ കിരീടം ചൂടിയപ്പോൾ ആ വിജയത്തിലേക്ക് നയിച്ചവരും സ്വന്തമാക്കിയതും വലിയ നേട്ടങ്ങൾ.
നിയാസ് ഈങ്ങാപ്പുഴ
മികച്ച കളിക്കാരനും കൂടുതൽ ഗോളടിച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ടത് നിയാസ് ഈങ്ങാപ്പുഴയാണ്. ഫൈനലടക്കം നാല് മത്സരങ്ങളിൽ നിന്നായി എണ്ണം പറഞ്ഞ ആറു ഗോളുകൾ യൂത്ത് ഇന്ത്യ സോക്കറിനായി നേടിയാണ് നിയാസ് സൂപ്പർകപ്പിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതൽ ഗോളടിച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടത്.
ദമ്മാമിലെ റാഡിക്സ് കെമിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന നിയാസ് ബദർ എഫ്.സിക്കായും ബൂട്ടണിയാറുണ്ട്. വേഗംകൊണ്ടും കൃത്യതകൊണ്ടും കാണികളുടെ കൈയടി ആവോളം നേടി ടീമിന് കപ്പ് നേടിക്കൊടുത്താണ് ഈ മുന്നേറ്റ നിരക്കാരൻ സൂപ്പർകപ്പിൽനിന്ന് വിട പറയുന്നത്.
ഹസീം
ടീമിന്റെ മുന്നേറ്റ നിരക്കായി നിരന്തരം പന്തെത്തിച്ച് ഗോളടിപ്പിക്കുക മാത്രമല്ല ആവശ്യമുള്ളപ്പോൾ സ്വയം മുന്നേറ്റ നിരക്കാരനായും ടൂർണമെന്റിൽ തിളങ്ങിയ ഹസീമാണ് മീഡിയവൺ സൂപ്പർ കപ്പിലെ മികച്ച മധ്യനിര താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലടക്കം നാല് കളികളിൽനിന്ന് അത്രയും തന്നെ ഗോളുകളാണ് ഹസീമിെൻറ കാലുകളിൽ നിന്നായി ടീമിന്റെ കണക്കുപുസ്തകത്തിൽ വരവുവെച്ചത്. കോഴിക്കോട് മുക്കം സ്വദേശിയായ ഹസീം യൂത്ത് ഇന്ത്യ സോക്കറിനായി നിരവധി ടൂർണമെൻറുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.
നിമേഷ് അന്റോ
സൂപ്പർ കപ്പിലെ ഫൈനലിൽ യൂത്ത് ഇന്ത്യ സോക്കറിനെ ഗോളടിക്കാൻ അനുവദിക്കാതെ അവസാനം നിമിഷം വരെ സ്പോർട്ടിങ് എഫ്.സിയുടെ പ്രതിരോധ നിരയിലെ പകരംവെക്കാനില്ലാത്ത ഭടനായ നിമേഷ് അന്റോയാണ് ടൂർണമെൻറിലെ മികച്ച പ്രതിരോധ നിര താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ പേരമംഗലം സ്വദേശിയായ നിമേഷ് കൊൽക്കത്തയിലാണ് പ്രഫഷനൽ ഫുട്ബാൾ കരിയർ തുടങ്ങിയത്.
എഫ്.സി കേരള, എഫ്.സി കൊച്ചി തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. പല കളികളിലും ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ സ്പോർട്ടിങ് എഫ്.സിയെ എതിർ ടീം ഗോളടിക്കുന്നതിൽനിന്ന് തടഞ്ഞുനിർത്തിയത് നിമേഷടങ്ങുന്ന പ്രതിരോധ നിരയായിരുന്നു. ദമ്മാമിൽ ജോലി ചെയ്യുന്ന നിമേഷ് യൂത്ത് ഇന്ത്യ ദമ്മാം ടീമിലെ അംഗമാണ്.
ഷാമിൽ സലാം
യൂത്ത് ഇന്ത്യ സോക്കർ എഫ്.സിയുടെ ഗോൾ വലയം കാത്ത ഷാമിൽ സലാമാണ് സൂപ്പർ കപ്പിലെ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശിയായ ഷാമിൽ എം.എ.എം.ഒ കോളജ് ടീം, ജവഹർ മാവൂർ എന്നീ ടീമുകൾക്കായി നാട്ടിൽ ഗോൾ വലയം കാത്തിട്ടുണ്ട്. ടൂർണമെൻറിൽ 15 ഗോളുകൾ യൂത്ത് ഇന്ത്യ സോക്കർ നേടിയപ്പോൾ വെറും മൂന്ന് ഗോളുകൾക്ക് മാത്രമേ ഷാമിലിന്റെ പ്രതിരോധത്തെ മറികടക്കാനായുള്ളൂ. ബാക്കി 13 ഉം വന്ന വഴിക്ക് തിരിച്ചയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.