എയർലൈനുകളുടെ അനാസ്ഥ; ഒറ്റ ഡോസ് വാക്സിനെടുത്ത് ഇമ്യൂൺ സ്റ്റാറ്റസുള്ളവർക്ക് സൗദിയിലിറങ്ങാനായില്ല
text_fieldsദമ്മാം: ഒറ്റ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടിയെന്ന ധൈര്യത്തിൽ സൗദിയിലേക്ക് വന്നവരെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. കോവിഡ് ബാധിച്ച് ഭേദപ്പെട്ടവർക്ക് സ്വാഭാവിക പ്രതിരോധിശേഷി കൈവന്നതിനാൽ കോവിഡ് വാക്സിൻ ഒറ്റ ഡോസ് മാത്രം സ്വീകരിച്ചാൽ മതിയാകുമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും സൗദിയിൽ പ്രവേശിക്കാൻ അത് മതിയാവില്ലെന്നാണ് കഴിഞ്ഞ ദിവസം ദമ്മാം വിമാനത്താവളത്തിൽ നിന്ന് നിരവധി ഇന്ത്യാക്കാർ നിന്ന് തിരിച്ചയക്കപ്പെട്ട സംഭവത്തിൽ നിന്ന് മനസിലാകുന്നത്.
ഇവരുടെ തവൽക്കന സ്റ്റാറ്റസിൽ കോവിഡ് വാക്സിൻ പൂർത്തീകരിച്ചിരിക്കുന്നു എന്നും ഇമ്യൂൺ സ്റ്റാറ്റസുണ്ട് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നെത്തിയ മലയാളികൾ ഉൾപ്പടെയുള്ള 15ഓളം പേരെയാണ് ദമ്മാം വിമാനത്താവളത്തിലെ എമിഗ്രേഷൻ അധികൃതർ തിരിച്ചയച്ചത്. എന്നാൽ മറ്റൊരു എയർലൈൻ കമ്പനിയുടെ വിമാനത്തിൽ എത്തിയ ആശ്രിത വിസയിലുള്ള കുട്ടികൾ അടങ്ങുന്ന കുടുംബത്തെ എമിഗ്രേഷൻ പൂർത്തിയാക്കി സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്തു.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം പുറത്തുപോയവർക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവൂ എന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിച്ച് ഭേദമായി സ്വാഭാവിക പ്രതിരോധ ശേഷി കൈവന്നവർ ഒരു ഡോസ് വാക്സിൻ മാത്രമാണ് സ്വീകരിച്ചത്. ഇവർക്ക് ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ചിട്ടുണ്ടെങ്കിലും നേരിട്ട് പ്രവേശനം സാധ്യമെല്ലന്നാണ് ഇപ്പോൾ മനസിലാകുന്നത്. ഇവരുടെ തവൽക്കൽന സ്റ്റാറ്റസിൽ രണ്ട് ഡോസുകളും ഒരേ തിയതിയിൽ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സൗദിയിലെ എമിഗ്രേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതാണ് ഇവരെ തിരിച്ചയക്കാൻ കാരണമായി അധികൃതർ വിശദീകരിച്ചത്.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ രണ്ട് ഡോസുകളും നിശ്ചിത കാലാവധി കഴിഞ്ഞുള്ള തിയതികളിൽ സ്വീകരിച്ചതായാണ് രേഖപ്പെടുത്തേണ്ടത്. ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അതിനാൽ തർക്കിച്ചിട്ട് കാര്യമില്ലെന്നും അധികൃതർ യാത്രക്കാരെ അറിയിച്ചു. ഇതറിയാതെ തിരുവന്തപുരത്ത് നിന്നെത്തിയ മൂന്ന് മലയാളികളേയും ബാംഗ്ലുർ, ഡൾഹി തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെത്തിയ 12 പേരെയും ശനിയാഴ്ച തിരിച്ചയച്ചു.
മുഖീം പോർട്ടലിലെ രജിസ്ട്രേഷൻ ഉൾപ്പടെ എല്ലാ നടപടികളും പൂർത്തിയാക്കിയതായി സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷമാണ് തങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ബോർഡിങ് പാസ് നൽകിയതെന്ന് തിരിച്ചയക്കപ്പെട്ട തിരുവന്തപുരം സ്വദേശി സിറാജുദ്ദീൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. രണ്ട് ഡോസ് സ്വീകരിച്ചാൽ മാത്രമേ പ്രവേശനം സാധ്യമാകൂ എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടും അത് കൂട്ടാക്കാതെ യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച എയർലൈൻ അധികൃതരാണ് യഥാർഥ കുറ്റക്കാരെന്ന് സൗദിയിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.
ഒരു ഡോസ് മാത്രം സ്വീകരിച്ച് ഇമ്യൂൺ സ്റ്റാറ്റസ് നേടിയവർ രണ്ടാമത്തെ ഡോസ് കൂടി നേടിയിട്ട് മാത്രമേ യാത്രക്ക് മുതിരാവൂ എന്നാണ് ഈ അനുഭവത്തിൽ നിന്നുള്ള പാഠം. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടി നാട്ടിൽ പോയി തിരിച്ചുവരാൻ ഒരുങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. ഇത്തരം ആളുകൾ സൗദിയുമായി യാത്രാവിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷമേ സൗദിയിലേക്ക് പ്രവേശിക്കാനാവൂ. ആയിരക്കിന് ആളുകളാണ് ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ നാട്ടിലേക്ക് പോയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.