പീപ്ൾസ് ഫൗണ്ടേഷൻ സ്റ്റാർട്ട്അപ് ശില്പശാല സമാപിച്ചു
text_fieldsറിയാദ്: പ്രവാസി സമൂഹത്തിന് നിക്ഷേപ സംരംഭക മേഖലകളിൽ ദിശാബോധം നൽകാനും പ്രവാസാനന്തരമുള്ള കാലത്തെ അഭിമുഖീകരിക്കാനും വേണ്ടി സംഘടിപ്പിച്ച തനിമ പീപ്ൾസ് ഫൗണ്ടേഷൻ ശിൽപശാലകൾ സമാപിച്ചു. റിയാദിലെ അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ പരിപാടികൾക്ക് പീപ്ൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടറും കേരള ഗവൺമെൻറ് സ്റ്റാർട്ട്അപ് മിഷൻ നോഡൽ ഓഫിസറുമായ ഡോ. നിഷാദ് നേതൃത്വം നൽകി. നിലവിൽ വ്യത്യസ്ത സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നവരും ചെറുകിട വ്യവസായ ഉൽപാദന രംഗത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുമടക്കം നിരവധി പേർ പരിപാടികളിൽ സംബന്ധിച്ചു. ഒരു പ്രവാസി നാട്ടിലെത്തി, ഒരു സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുതൽ മറ്റ് ബിസിനസുകളിൽ പങ്കാളിയാവുന്ന കാര്യങ്ങൾ വരെ വിശദമായി അദ്ദേഹം സംസാരിച്ചു.
പ്രവാസികൾക്ക് നാട്ടിലെത്തിയാൽ തൊഴിലെടുത്ത് മുന്നോട്ട് പോവുക പ്രയാസമാണ്. എന്നാൽ സ്വയം തൊഴിൽ സംരംഭങ്ങളാണ് അവർക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ, നിയമപരമായ വശങ്ങൾ, സാധ്യതാ പഠനം, മാർക്കറ്റിങ് എന്നിവയെ കുറിച്ച് സാമാന്യ ധാരണ പകർന്നുനൽകാൻ ശിൽപശാലക്ക് കഴിഞ്ഞു. കേരളാ സർക്കാറിെൻറ ഏകജാലക സംവിധാനം വഴി 14 തരം ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാണെന്ന് ഡോ. നിഷാദ് പറഞ്ഞു.
ഏറ്റവുമധികം ക്രയശേഷിയുള്ള ഒരു സമൂഹമെന്ന നിലയിലും ഉപഭോക്തൃ സംസ്ഥാനമെന്ന അർഥത്തിലും കേരളത്തിലെ വാണിജ്യ വ്യാവസായിക സാധ്യതകൾ വലുതാണ്. വലിയ സംരംഭങ്ങൾ തുടങ്ങുന്നതിനെക്കാൾ ചെറുതിൽനിന്ന് വലുതാകുന്നതാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടികളോടനുബന്ധിച്ച് സംശയ നിവാരണത്തിനും അവസരമുണ്ടായിരുന്നു. യുവാക്കളും വനിതകളുമടക്കം നിരവധി പേർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. തനിമ ആക്ടിങ് പ്രസിഡൻറ് പി.പി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സദറുദ്ദീൻ കീഴിശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ ആസിഫ് കക്കോടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.