പെരിന്തൽമണ്ണ കാദറലി ഫുട്ബാൾ ക്ലബ്ബിൽ വനിതകളെ ഉൾപ്പെടുത്താൻ ശ്രമിക്കും - ഫാറൂഖ് പച്ചീരി
text_fieldsജിദ്ദ: പെരിന്തൽമണ്ണയിലെ കാദറലി ഫുട്ബാൾ ക്ലബ്ബിൽ ഭാവിയിൽ വനിതകളെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ഒമ്പത് വർഷങ്ങളായി ക്ലബ്ബ് ജനറൽ സെക്രട്ടറിയായിരിക്കുന്ന ഫാറൂഖ് പച്ചീരി പറഞ്ഞു. ജിദ്ദയിൽ ഈ മാസം 15,16 തീയതികളിൽ നടക്കാനിരിക്കുന്ന 51-മത് കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിനെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിൽ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറവുമായി (പെൻറിഫ്) സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്റിന്റെ സംഘാടനത്തിൽ വനിതകൾ കൂടി മുഖ്യപങ്കാളിത്വം വഹിക്കുന്നതിനെക്കുറിച്ചു വിശദീകരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫുട്ബാൾ രംഗത്ത് വനിതകളുടെ പങ്കാളിത്വം നാട്ടിലും മറുനാട്ടിലുമെല്ലാം വർധിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലബ്ബിന് കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. 36 കിഡ്‌നി രോഗികൾക്ക് മാസം തോറും പെൻഷൻ നൽകിവരുന്നു. അവശരായ രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നു. ഫുട്ബാൾ കളിക്കാരുടെ വളർച്ച ലക്ഷ്യം വെച്ച് 20 വയസിന് താഴെ പ്രായമുള്ളവർക്കായി കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണയിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റേഡിയത്തിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നു. 1961ൽ പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ച കാദറലി ഫുട്ബാൾ ടൂർണമെന്റ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ടൂർണമെന്റിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 24 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷം ദുബായിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. അടുത്ത വർഷം ഖത്തറിലും കാദറലി ഫുട്ബാൾ ടൂർണമെന്റ് ആലോചിക്കുന്നുണ്ടെന്നും ഫാറൂഖ് പച്ചീരി അറിയിച്ചു.
ജിദ്ദയിൽ കാദറലി ജിദ്ദ ചാപ്റ്റർ എന്ന പേരിൽ പി.ടി ഗ്രൂപ്പ് മുഖ്യ പ്രയോജകരായും ഹിബ ആസ്യ ഗ്രൂപ്പ് സഹ പ്രയോജകരായും ജിദ്ദ ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്റിൽ 12 ടീമുകളാണ് മാറ്റുരക്കുന്നത്. ഇവരിൽ പെരിന്തൽമണ്ണ താലൂക്കിലെ ജിദ്ദയിൽ വസിക്കുന്നവരുടെ മൂന്ന് പ്രാദേശിക ടീമുകളും ഉൾപ്പെടുന്നു. ട്രോഫികൾക്ക് പുറമെ വിജയികൾക്ക് 5,000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 3,000 റിയാലും കാശ് പ്രൈസ് ആയി ലഭിക്കും. ഫെബ്രുവരി 15ന് വ്യാഴാഴ്‌ച രാത്രി 9.30 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റിൽ നാല് മത്സരങ്ങളും 16ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ബാക്കി മത്സരങ്ങളും നടക്കും.
പി.ടി ഗ്രൂപ്പ് സി.ഇ.ഒ സാലിഹ്, പെൻറിഫ് പ്രസിഡന്റ് അയ്യൂബ് മുസ്ലിയാരകത്ത്, സെക്രട്ടറി മജീദ്, അബു കട്ടുപ്പാറ, മുസ്‌തഫ കൊഴിശീരി, മാനുപ്പ കുറ്റിരി, അബ്ബ, വനിതാ പ്രവർത്തകരായ ഡോ. ആലിയ, ഷെറിൻ ഹൈദർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.