കൂടുതൽ തീർഥാടകർക്ക് അനുമതി: മസ്ജിദുൽ ഹറാം സജീവമായി
text_fieldsജിദ്ദ: പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ പേർ ഉംറക്കായി മസ്ജിദുൽ ഹറാമിലെത്തി. മുഹർറം ഒന്ന് മുതലാണ് പ്രതിദിന തീർഥാടകരുടെ എണ്ണം 60,000 ആയി ഹജ്ജ് ഉംറ മന്ത്രാലയം ഉയർത്തിയത്. നേരത്തെ 40,000 പേർക്കായിരുന്നു അനുമതി. എട്ട് സമയങ്ങളിലായി ആരോഗ്യ മുൻകരുതൽ പാലിച്ചാണ് 60,000 തീർഥാടകർക്ക് ഹറമിലേക്ക് പ്രവേശനം നൽകുന്നത്.
വാക്സിനെടുത്ത 12 മുതൽ 18 വരെ പ്രായമുള്ളവർക്ക് കൂടി ഉംറക്കും മദീന സന്ദർശനത്തിനും അനുമതി നൽകിയിട്ടുണ്ട്. പുതിയ ഉംറ സീസണിൽ ഉംറ തീർഥാടകരുടെ എണ്ണം കൂടിയതോടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇരുഹറം കാര്യാലയം വേണ്ട ഒരുക്കങ്ങൾ ഹറമിൽ പൂർത്തിയാക്കിയിട്ടുണ്ട്.
ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പു തന്നെ വിവിധ വകുപ്പുകളുമായി സഹകരിച്ച് തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ഉംറ നിർവഹിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുൽ ഫതാഹ് ബിൻ സുലൈമാൻ മുശാത്ത് പറഞ്ഞു. സുരക്ഷിതമായ യാത്ര സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബസിൽ തീർഥാടകരുടെ എണ്ണം 50ൽ കവിയില്ല. ബസിൽ കയറുന്നതിനു മുമ്പ് അനുമതി പത്രം ഉറപ്പുവരുത്തും. കുദായ്, ശീഷ എന്നിവിടങ്ങളിൽ രണ്ടു സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അവിടെ ഒരുമിച്ചുകൂടുന്ന തീർഥാടകരെ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് ഹറമിനടുത്ത അജിയാദ്, ബാബ് അലി, ശുബൈക്ക എന്നീ സ്റ്റേഷനുകളിലെത്തിക്കുകയെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി പറഞ്ഞു.
ഇൗ മാസം ഒമ്പത് മുതൽ ഉംറ തീർഥാടകരുടെ എണ്ണം പ്രതിമാസം രണ്ട് ദശലക്ഷമായി ഉയർത്തിയതിലൂടെ ഉംറ മേഖല കൂടുതൽ സജീവമാകുമെന്ന് ഹജ്ജ് ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ ഉമൈരി പറഞ്ഞു. ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം വർധിക്കാനും മക്കയിലും മദീനയിലും വ്യാപാര മേഖലക്ക് ഉണർവ് പകരാനും ഇതു സഹായിക്കും. കൂടാതെ ഗതാഗതം, റസ്റ്റാറൻറുകൾ, ഷോപ്പിങ് എന്നിവ കൂടുതൽ സജീവമാകും.
തീർഥാടകരെ സ്വീകരിക്കാൻ 130 ഉംറ കമ്പനികളുണ്ട്. ആവശ്യമായ ജോലിക്കാരെയും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും തീർഥാടകരെ സ്വീകരിക്കാനും ക്രൗഡ് മാനേജ്മെൻറിനും ആവശ്യമായ പരിശീലനങ്ങൾ ഇവർക്കു നൽകിയിട്ടുണ്ട്. ഉംറ നിർവഹിക്കാനോ മദീന അല്ലെങ്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനോയുള്ള യാത്രക്കിടെ ഓരോ ഗ്രൂപ്പിലുമുള്ളവരെയും ഉംറ കമ്പനികളിലെ പരിശീലനം നേടിയ ജീവനക്കാർ അനുഗമിക്കുകയും കാര്യങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുകയും ചെയ്യുെമന്നും ഹജ്ജ് ഉംറ കമ്മിറ്റി അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.