പെർമിറ്റ് ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതക്കനുസരിച്ച്; സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ
text_fieldsജിദ്ദ: പെർമിറ്റ് (ഇസ്തിമാറ) വാർഷിക ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം പ്രാബ്യത്തിൽ. ഒക്ടോബർ 22 മുതലാണ് പുതിയ നിയമം ബാധകമായത്. ആദ്യഘട്ടത്തിൽ 2024 മോഡൽ ചെറിയ (ലൈറ്റ്) വാഹനങ്ങൾക്കാണ് ബാധകം. രണ്ടാംഘട്ടത്തിൽ മുഴുവൻ ലൈറ്റ്, ഹെവി വാഹനങ്ങൾ ഉൾപ്പെടും. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്നീ രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫീസ് കണക്കാക്കുക.
2015 മോഡലിനും അതിന് മുമ്പുള്ളതിനും മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷി അനുസൃതമായിട്ടാകും ഫീസ് കണക്കാക്കുക. 2016 മോഡലും അതിനുശേഷമുള്ളതുമായ എല്ലാ ചെറുകിട വാഹനങ്ങളുടെയും ഫീസ് ഇന്ധക്ഷമതക്ക് അനുസൃതമായിരിക്കും. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഉണ്ടാകില്ല.
2021 ആഗസ്റ്റിലാണ് സൗദി മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വാർഷിക ഫീസ് നടപ്പാക്കുന്നതിൽ നിരവധി സർക്കാർ ഏജൻസികൾ ഉൾപ്പെടുന്നുണ്ട്. വാണിജ്യ മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി അതോറിറ്റി, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്, നാഷനൽ ഇൻഫർമേഷൻ സെൻറർ, സൗദി എനർജി എഫിഷ്യൻസി സെൻറർ എന്നിവ ഇതിൽ ഉൾപ്പെടും.
അതേസമയം, വാഹനത്തിെൻറ ഇന്ധന ഉപഭോഗം അനുസരിച്ച് വാർഷിക ഫീസ് അഞ്ച് തലങ്ങളായി തിരിച്ചിട്ടുണ്ടെന്ന് ദേശീയ പ്ലാറ്റ്ഫോം ‘മർകബത്തി’ പറഞ്ഞു. കുറഞ്ഞ ഉപഭോഗ വാഹനങ്ങൾക്ക് വാർഷിക ഫീസ് ഈടാക്കില്ലെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിൽ ‘മർകബതി’ പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്.
വാഹന ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനും ഈടാക്കുന്ന വാർഷിക ഫീസിനെക്കുറിച്ചുള്ള നിരവധി സേവനങ്ങളും വിവരങ്ങളും പ്ലാറ്റ്ഫോം നൽകുന്നുണ്ട്. ഫീസ് സംബന്ധിച്ച ആമുഖം, അന്വേഷണം, കണക്കാക്കിയ ഫീസ് എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. വാഹനങ്ങളുടെ ലൈസൻസ് (ഇസ്തിമാറ) നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസിനൊപ്പമാണ് ഇന്ധനക്ഷമതക്കനുസരിച്ച് ഫീസ് ഈടാക്കുക.
വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറക്കുകയും പാരിസ്ഥിതിക ആഘാതം മെച്ചപ്പെടുത്തുകയുമാണ് വാഹന ലൈസൻസ് പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.