സാബിക്-അരാംകോ സംയുക്ത സംരംഭം; പെട്രോകെമിക്കൽ പ്ലാന്റ് റാസ് അൽഖൈറിൽ
text_fieldsജുബൈൽ: ദേശീയ വ്യവസായ കമ്പനിയായ സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുമായി കൈകോർത്ത് പുതിയ സംരംഭം. ക്രൂഡ് ഓയിൽ പെട്രോകെമിക്കൽ ഉൽപന്നങ്ങളാക്കി മാറ്റുന്ന സംയുക്ത പദ്ധതിക്ക് പ്രാരംഭം കുറിച്ചതായി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.
പ്രതിദിനം നാലു ലക്ഷം ബാരൽ ക്രൂഡ് ശേഷിയുള്ള ഇത്തരത്തിലെ ആദ്യ പദ്ധതി എണ്ണ നഗരമായ ജുബൈലിലെ റാസ് അൽ ഖൈറിലാണ് സ്ഥാപിക്കുന്നത്. ജുബൈലിൽ സാബിക്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെട്രോകെമിക്കൽ ഉൽപന്നങ്ങൾ കയറ്റുമതിചെയ്യുന്നതിനായി റാസ് അൽഖൈറിൽ പുതിയ തുറമുഖം തുറക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി പെട്രോകെമിക്കൽ ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ വൻതോതിൽ ആവശ്യക്കാരുണ്ട്. പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് സൗദി അറേബ്യ.
ഭാവിയിൽ ഈ മേഖലയുടെ കൂടുതൽ വികസനത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും രാജ്യത്തിന്റെ കൈവശമുണ്ട്. ഈ മേഖലക്കുള്ള സംയോജിത തന്ത്രം അതിന്റെ അവസാന ഘട്ടത്തിലാണ്. പ്രാദേശിക പദ്ധതികൾക്കായി ഏകദേശം 40 ലക്ഷം ബാരൽ അസംസ്കൃത എണ്ണ പെട്രോകെമിക്കലുകളാക്കി മാറ്റാനാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്.
കാർബൺ ബഹിർഗമനം കുറക്കുന്ന സാങ്കേതികവിദ്യ വഴി അരാംകോ നിരവധി പരമ്പരാഗത വ്യവസായിക സംരംഭങ്ങൾ കാര്യക്ഷമമാക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ചെലവ് കുറഞ്ഞ രാസവസ്തുക്കൾ ഉപയോഗിക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയും ചെയ്യുന്ന പദ്ധതികളാണ് മുന്നിലുള്ളത്.
മറ്റൊരു എണ്ണ നഗരമായ യാംബുവിൽ സാബിക്കും അരാംകോയും സംയുക്തമായി ഇത്തരത്തിലൊരു പ്ലാന്റ് 2018ൽ സ്ഥാപിച്ചിരുന്നു. 2025ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പദ്ധതി വഴി പ്രതിദിനം നാലുലക്ഷം ബാരൽ അസംസ്കൃത എണ്ണ സംസ്കരിക്കുമെന്നും പ്രതിവർഷം 90 ലക്ഷം ടൺ രാസവസ്തുക്കളും അടിസ്ഥാന എണ്ണകളും ഉൽപാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.