മദീനയിലെ ചരിത്ര മേഖലകളിൽ നിറഞ്ഞ് തീർഥാടകരും സഞ്ചാരികളും
text_fieldsമദീന: റമദാനും പെരുന്നാളും അവസാനിച്ചതോടെ മദീനയിലെ ചരിത്ര പ്രദേശങ്ങളിൽ നിറയുകയാണ് ഉംറ തീർഥാടകരും സഞ്ചാരികളും. റമദാൻ ദിനങ്ങളിൽ ഇരുഹറമുകളിലും പ്രാർഥനയിൽ മുഴുകിയ തീർഥാടകർ പെരുന്നാൾ ദിനങ്ങളിലും ശേഷമുള്ള അവധി ദിനങ്ങളിലും മദീനയിലെ ചരിത്ര സ്ഥലങ്ങളും ശേഷിപ്പുകളും സന്ദർശിക്കാനും ചരിത്രം മനസ്സിലാക്കാനുമാണ് സമയം ചെലവഴിച്ചത്.
ഉഹ്ദ് പോരാളികളുടെ ഖബറിടം, ഉഹ്ദ് മല, ബിഅ്ർ ഉസ്മാന്, ബിഅ്ർ ഗര്‍സ്, മസ്ജിദ് ഖിബ്ലതൈന്, ഹദീഖതുൽ ബൈഅ, മസ്ജിദുൽ ഗമാമ, ഖസ്ര് ഉര്‍വത് ബിൻ സുബൈര്‍, ഹിജാസ് റെയിൽവേ സ്റ്റേഷന്, ഖസ്ര് കഅ്ബ് ബിൻ അശ്റഫ്, സല്‍മാനുല്‍ ഫാരിസിയുടെ ഈന്തപ്പനത്തോട്ടം, ജുറൂഫ് താഴ്വര, മദീനയിലെ ഏറ്റവും പൗരാണികമായ പള്ളി സ്ഥിതി ചെയ്യുന്ന തോട്ടം, മുഹമ്മദ് നബിയുടെ മകൾ ഫാത്തിമയുടെ വീട്, മസ്ജിദ് ഖുബാഅ് തുടങ്ങിയ പ്രവാചക നഗരിയിലെ ചരിത്രസ്ഥലങ്ങൾ എന്നിവ സാധ്യതയനുസരിച്ചാണ് തീർഥാടകർ സന്ദർശിക്കുന്നത്.
ഒരു മാസത്തെ ‘ഉംറ പ്ലസ് പദ്ധതി’ വഴി എത്തുന്ന തീർഥാടകർ മദീനയിലെ ഏറക്കുറെ എല്ലാ പൈതൃക ചരിത്ര സ്ഥലങ്ങളിലും സന്ദർശനം നടത്തുന്നുണ്ട്. എന്നാൽ, 15 ദിവസത്തെ ഉംറ ട്രിപ്പിൽ വരുന്നവർ മസ്ജിദുന്നബവിയുടെ പരിസര പ്രദേശങ്ങളിലുള്ള ചരിത്രസ്ഥലങ്ങളും മസ്ജിദുൽ ഖുബാഅ്, ഉഹ്ദ് പോരാളികളുടെ സ്ഥലം തുടങ്ങി പ്രത്യേകം തിരഞ്ഞെടുത്ത സ്ഥലങ്ങളുമാണ് സന്ദർശിക്കുന്നത്.
സൗദി ടൂറിസം, ദേശീയ പൈതൃക കമീഷൻ സംഘടിപ്പിക്കുന്ന ‘ഉംറ പ്ലസ് പദ്ധതി’ സൗദി ടൂർ ഗൈഡുമാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ടൂർ ഓപറേറ്റിങ് കമ്പനി വഴി സൗദിയിലെ വിവിധ പ്രവിശ്യകളിലേക്കും മക്കക്കും മദീനക്കും പുറത്തുള്ള നഗരങ്ങളിലേക്കും യാത്രകൾ ഒരുക്കുന്നുണ്ട്. ആഭ്യന്തര, വിദേശ, ഹജ്ജ്-ഉംറ മന്ത്രാലയങ്ങളുമായും ജവാസാത്തുമായും അഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനൽ ഇൻഫർമേഷൻ സെന്ററുമായും സഹകരിച്ചാണ് അധികൃതർ ‘ഉംറ പ്ലസ് പദ്ധതി’ ഒരുക്കുന്നത്.
ഉംറ പ്ലസ് പദ്ധതിയോട് വിദേശികളായ നിരവധി തീർഥാടകർ താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽനിന്ന് വരുന്ന ഉംറ തീർഥാടകർ പ്രത്യേക സംഘങ്ങളായി അവരുടെ യാത്ര കോഓഡിനേറ്റർമാരുടെയും മലയാളികളായ മദീനയിലെ ഗൈഡുകളുടെയും സഹായത്തോടെയാണ് ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നത്.
ഇങ്ങനെ സന്ദർശനം നടത്തുന്ന മലയാളികളായ സാധാരണക്കാർക്ക് അവരുടെ ഭാഷയിൽ ചരിത്രം വിശദീകരിക്കുന്നതും പ്രദേശങ്ങളുടെ വിവരണങ്ങൾ നൽകുന്നതും ഏറെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.
നാട്ടിൽനിന്ന് കേൾക്കുകയും പഠിക്കുകയും ചെയ്ത ഇസ്ലാമിക ചരിത്രം കുടികൊള്ളുന്ന പ്രദേശങ്ങളെ അടുത്തറിയാനും പ്രവാചകന്റെയും അനുചരന്മാരുടെയും പാദസ്പർശമേറ്റ പ്രദേശങ്ങൾ നേരിൽ കാണാനും അവസരം ലഭിക്കുന്നതിൽ എല്ലാ തീർഥാടകരും മനസ്സു നിറഞ്ഞ ആത്മസംതൃപ്തിയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
മക്കയിലെയും മദീനയിലെയും സന്ദർശനം കഴിഞ്ഞാൽ ഒരു മാസത്തെ ഉംറ ട്രിപ്പിൽ വന്ന തീർഥാടകരും സഞ്ചാരികളും ത്വാഇഫ്, ജിദ്ദ എന്നീ പ്രദേശങ്ങൾ സന്ദർശിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. ത്വാഇഫിൽ മേയ് അഞ്ചു വരെ നടക്കുന്ന റോസാപ്പൂമേള കാണാനും അവിടത്തെ ചരിത്ര, പൈതൃക, വിനോദ സഞ്ചാരകേന്ദ്രങ്ങൾ കാണാനും ധാരാളം തീർഥാടകർ എത്തുന്നുണ്ട്. ജിദ്ദയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹിസ്റ്റോറിക് ജിദ്ദയും അവിടത്തെ വൈവിധ്യമാർന്ന ഷോപ്പിങ് കേന്ദ്രങ്ങളുമാണ് സഞ്ചാരികളുടെ മുഖ്യആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.