തീർഥാടകർക്ക് നിർബന്ധം കോവിഡ് വാക്സിൻ മാത്രം
text_fieldsകോവിഡ് കുത്തിവെപ്പ് രണ്ട് ഡോസ് എടുത്തിരിക്കൽ ഹജ്ജിനുള്ള നിബന്ധനയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്
സ്വന്തം ലേഖകൻ
മക്ക: ഹജ്ജ് തീർഥാടകർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റു രോഗ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമല്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പും എടുക്കൽ നിർബന്ധമാണ്. മന്ത്രാലയം ഒരുക്കിയ 'ഇസ്അൽ ഹജ്ജ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ ഒരാളുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കുത്തിവെപ്പ് അല്ലാതെ മറ്റു കുത്തിവെപ്പുകൾ തീർഥാടകർക്ക് നിർബന്ധമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
ഹജ്ജ് തീർഥാടകർ കോവിഡ് കുത്തിവെപ്പ് രണ്ടു ഡോസുകൾ എടുക്കേണ്ടതിെൻറ പ്രാധാന്യം ഹജ്ജ് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയതാണ്. കോവിഡ് കുത്തിവെപ്പ് രണ്ട് ഡോസ് എടുത്തിരിക്കൽ ഹജ്ജിനുള്ള നിബന്ധനയായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷ നടപടികൾ സ്വീകരിച്ച് അനുമതി പത്രം ലഭിച്ചവർ രണ്ടാം ഡോസ് എടുത്തിട്ടില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിലെത്തി കോവിഡ് കുത്തിവെപ്പെടുക്കണമെന്നും ഇതിനായി മുൻകുട്ടി ബുക്കിങ് നടത്തേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേ സമയം, കോവിഡ് വാക്സിനേഷന് പുറമെ പകർച്ചപ്പനി, മെനിഞ്ചൈറ്റിസ് പ്രതിരോധ കുത്തിവെപ്പുകളും തീർഥാടകർ എടുത്തിരിക്കൽ അഭിലഷണീയമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഹജ്ജ് പോലെയുള്ള മനുഷ്യ മഹാസംഗമത്തിനിടയിലുണ്ടായേക്കാവുന്ന പകർച്ച വ്യാധികൾ തടയുകയാണ് പ്രതിരോധ കുത്തിവെപ്പിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുള്ള സൗകര്യം വിവിധ മേഖലകളിലെ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഒരുക്കിയിട്ടുണ്ട്. ചില ഗവർണറേറ്റുകളിൽ പ്രത്യേകം മെഡിക്കൽ സെൻറുകൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്.
ഹജ്ജിന് അനുമതി ലഭിച്ചവർ പകർച്ചപ്പനി, മെനിഞ്ചൈറ്റിസ് കുത്തിവെപ്പെടുക്കാൻ നേരിട്ട് ഹാജരാകാമെന്നും മുൻകൂട്ടി ബുക്കിങ്ങിെൻറ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം താഇഫ് ആരോഗ്യ കാര്യാലയവും അറിയിച്ചിരുന്നു.
ഹജ്ജ് ആരംഭിക്കുന്നതിന് 10 ദിവസമെങ്കിലും മുമ്പ് മെനിഞ്ചൈറ്റിസ്, പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാനാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.