Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ കർമങ്ങൾക്ക്​...

ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ

text_fields
bookmark_border
ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കം; വിശ്വമഹാ സംഗമത്തിനൊരുങ്ങി അറഫ
cancel

മക്ക: ലോകത്തിലെ ഏറ്റവും വലിയ മാനവ മഹാസംഗമത്തിനായി അറഫ മൈതാനം ഒരുങ്ങി. 20 ലക്ഷത്തിലേറെ ഹജ്ജ്​ തീർഥാടകരാണ് അറഫയിൽ സംഗമിക്കുന്നത്. നമിറാ പള്ളിയിൽ ശനിയാഴ്​ച​ ഉച്ചക്ക്​ അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്ര പ്രാധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ്​ മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം.

മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. മാഹിർ ബിൻ ഹമദ്​ അൽമുഹൈഖ്​ലിയാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്​. മലയാളമുൾപ്പടെ 50 ലോക ഭാഷകളിൽ ഇത്​ വിവർത്തനം ചെയ്യും. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച്​ നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്​മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും.


അറഫയിലേക്ക്​ ആരംഭിച്ച തീർഥാടക പ്രവാഹം ശനിയാഴ്​ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ഉച്ചയോടെ ആംബുലൻസ് വഴിയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചവരെ എയർ ആംബുലൻസ് വഴിയും അറഫയിൽ എത്തിക്കും.

സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക്​ നീങ്ങും. ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞു, മുടി മുറിക്കുന്നതോടെ ഹജ്ജിന്​ അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക്​ തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.


സുരക്ഷക്കായി വിവിധ പട്ടാള വിഭാഗങ്ങൾ ഉൾപ്പടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരാണ്​ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ഇന്ത്യയിൽനിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരും അറഫയിൽ സംഗമിക്കും. അറഫയിലും ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അറഫയിൽ മശാഇർ റെയിൽവേ രണ്ടാം നമ്പർ സ്​റ്റേഷൻ പരിസരത്തിലാണ്​ ഇന്ത്യൻ തീർഥാടകർക്ക് ഒരുക്കിയ താമസകേന്ദ്രം. ഇത്തവണ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിലെത്തിയവരിൽ 53,000 തീർഥാടകർക്ക്​ മെട്രോ ട്രെയിൻ സൗകര്യമുണ്ട്. 20 മിനിറ്റ് കൊണ്ട് മിനായിൽ നിന്നും അറഫയിൽ അവർക്ക്​ എത്താനാവും. മറ്റുള്ളവർ ബസ്​ മാർഗമാണ്​ അറഫയിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2024Arafah Day
News Summary - pilgrims arriving ahead of the start of Arafah Day
Next Story