തീർഥാടകരുടെ ഇലക്ട്രോണിക് ഇടപാടുകളെ സൗദി സംവിധാനവുമായി ബന്ധിപ്പിക്കും -ഹജ്ജ് മന്ത്രി
text_fieldsജിദ്ദ: തീർഥാടകരുടെ ഇലക്ട്രോണിക് പണമിടപാടുകൾ സൗദി സംവിധാനങ്ങളുമായി ഉടൻ ബന്ധിപ്പിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിച്ച ക്രിയേറ്റിവ് മേക്കേഴ്സ് ഫോറം വാർഷികത്തിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
തീർഥാടകർക്കുള്ള ഇലക്ട്രോണിക് പേമെൻറ് സംവിധാനങ്ങളെ രാജ്യത്ത് നിലവിലുള്ള സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പഠനം നടക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഇലക്ട്രോണിക് ഇടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്താണിതെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രോണിക് പേമെൻറ് സേവനത്തിന്റെ വെല്ലുവിളി ഉൾപ്പെടെ സാങ്കേതികമോ അല്ലാത്തതോ ആയ നിരവധി മേഖലകളിൽ തീർഥാടകർക്ക് വിശിഷ്ട സേവനങ്ങൾ നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. പല രാജ്യങ്ങളിലും പ്രത്യേക ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്. എന്നാൽ, സൗദിയിലേക്ക് തീർഥാടനത്തിനു വരുമ്പോൾ അവരുടെ സംവിധാനങ്ങൾ ഇവിടെ ഉപയോഗിക്കാൻ കഴിയുന്നില്ല.
നമ്മുടെ സംവിധാനങ്ങളെ അവർക്കും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി സൂചിപ്പിച്ചു. യുവതീയുവാക്കൾ അവതരിപ്പിക്കുന്ന ക്രിയാത്മക ആശയങ്ങൾക്ക് മന്ത്രാലയം പിന്തുണയും അവർക്ക് വിശിഷ്ടമായ സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്. തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിൽ സ്വകാര്യ മേഖല പ്രധാന പങ്കാളിയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.