മക്കയിൽ ‘തീർഥാടകരുടെ യാത്ര’ പ്രദർശനത്തിന് തുടക്കം
text_fieldsജിദ്ദ: തീർഥാടന യാത്രയുടെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സൗന്ദര്യാത്മകത ഉയർത്തിക്കാട്ടുക എന്ന് ലക്ഷ്യമിട്ട് മക്കയിൽ ‘തീർഥാടകരുടെ യാത്ര’ എന്ന പേരിൽ പ്രദർശനം ആരംഭിച്ചു. അൽ നസീമിലെ അൽറാജ്ഹി കോംപ്ലക്സിൽ ഒരുക്കിയ പ്രദർശനം മക്ക ആക്ടിങ് മേയർ സാലിഹ് ബിൻ അലി അൽതുർക്കി ഉദ്ഘാടനം ചെയ്തു. പ്രദർശനം മൂന്ന് ദിവസം നീളും. മക്കയുടെയും ഹജ്ജ് തീർഥാടനത്തിന്റെയും 50 ലധികം ഫോട്ടോകൾ പ്രദർശനത്തിലുണ്ട്. തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പ്രദർശനം ഒരുക്കിയതെന്ന് മക്ക മുനിസിപ്പാലിറ്റിലെ ഇൻസ്റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ദാനിയ ബിൻത് അബ്ദുൽ ഖാദർ തുർക്കിസ്ഥാനി വിശദീകരിച്ചു.
മക്കയുടെയും വിശുദ്ധ സ്ഥലങ്ങളായ അറഫ, മിന, മുസ്ദലിഫ എന്നിവയുടെയും മറ്റ് മതപരവും ചരിത്രപരവുമായ നിരവധി സ്മാരകങ്ങളുടെയും ഫോട്ടോകൾ പ്രദർശനത്തിലുണ്ട്. കൂടാതെ തീർഥാടന യാത്രയെക്കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദർശിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. നിരവധി ഘട്ടങ്ങളിലൂടെ തീർഥാടന യാത്രയെ നിരീക്ഷിച്ച മുനിസിപ്പാലിറ്റി ഫോട്ടോഗ്രാഫർമാർ പകർത്തിയ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.