പൈലറ്റായ പൂർവവിദ്യാർഥി മുഹമ്മദ് അർസകിന് യാര സ്കൂളിൽ സ്വീകരണം നൽകി
text_fieldsറിയാദ്: യാര ഇന്റർനാഷനൽ സ്കൂളിലെ പൂർവവിദ്യാർഥിയും അമേരിക്കയിലെ ഫീനിക്സ് ഈസ്റ്റ് ഏവിയേഷനിലെ കമേഴ്സ്യൽ പൈലറ്റും ഫ്ലൈറ്റ് ഇൻസ്ട്രക്റ്ററുമായ മുഹമ്മദ് അർസക് അൻസാരിക്ക് സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി. യാരയിലെ 2019 ബാച്ച് വിദ്യാർഥിയായിരുന്ന അർസക്കിന് ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരണം ഒരുക്കിയത്. ജൂൺ രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആസിമ സലീം, സി.ഇ.ഒ ഖാലിദ്, ഹബീബ് റഹ്മാൻ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു.
തുടർന്ന് നടന്ന സെഷനിൽ അർസക് തന്റെ വ്യോമഗതാഗത അനുഭവങ്ങൾ പങ്കുവെച്ചു. പൈലറ്റ് എന്ന തൊഴിൽ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സിന് ചേരാനുള്ള വഴികളും പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളും അർസക് വിവരിച്ചത് സെക്കൻഡറി, സീനിയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രയോജനകരമായി.
വെല്ലുവിളികളെ ഏറ്റെടുത്ത് കൂടുതൽ വിശാലമായ തൊഴിൽ മേഖലയിലേക്ക് കടന്നുചെല്ലാൻ പുതുതലമുറയെ പാകപ്പെടുത്തുന്ന യാര ഇന്റർനാഷനൽ സ്കൂളിന്റെ സമ്പന്നമായ നേട്ടങ്ങളുടെ പട്ടികയിൽ ഒന്നു മാത്രമാണിത് എന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഇന്ത്യയിലെ ഐ.ഐ.ടി പോലുള്ള ഉന്നത സ്ഥാപനങ്ങളിലൂടെയും ലോകത്തെ വിവിധ സാങ്കേതിക-വൈദ്യശാസ്ത്ര-സാമൂഹികശാസ്ത്ര സർവകലാശാലകളിലൂടെയും യാരയിലെ വിദ്യാർഥികൾ പുതിയ ലോകസൃഷ്ടി നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.