കേരളത്തിൽ നടക്കുന്നത് പിണറായി വിജയന്‍റെ ഏകാധിപത്യ ഭരണം -നജീബ് കാന്തപുരം എം.എൽ.എ
text_fieldsജിദ്ദ: തികച്ചും ഒരു ഏകാധിപതിയുടെ ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തെ വർഗീയപരമായി ഏറെ മുറിവേൽപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും നജീബ് കാന്തപുരം എം.എൽ.എ. ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ഗുരുതര ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള അടവായാണ് അദ്ദേഹം തന്‍റെ സുരക്ഷ പ്രശ്നം ഉയർത്തികൊണ്ടുവരുന്നതും അതിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും. പൊലീസിന്റെയും സുരക്ഷാ ടീമുകളുടെയും ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന അദ്ദേഹം തികഞ്ഞ ഭീരുവാണ്. ഇടതു സർക്കാർ വർഗീയപരമായി വിഭജിച്ച കേരളത്തിന്‍റെ മുറിവ് ഉണക്കാനും മത, സാമുദായിക ഐക്യം ശക്തിപ്പെടുത്താനുമുള്ള ശ്രമമാണ് മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന സംസ്ഥാന പര്യടനമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കികൊണ്ടിരിക്കുന്നതായി നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയും അത് വഴി ഓരോ കുടുംബത്തെയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നോളഡ്‌ജ് റിസോർസ് എംപോവെർമെൻറ് ആക്ടിവിറ്റീസ് (ക്രിയ) എന്ന പേരിൽ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ യൂനിവേഴ്സിറ്റികളിലേക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനുള്ള പ്രവേശന പരീക്ഷ പരിശീലനം, അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പ്രത്യേക പരിശീലന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ക്രിയ പദ്ധതിയിലൂടെ നേതൃത്വം നൽകി വരുന്നു. വിദ്യാർഥി, അധ്യാപക, രക്ഷാകർതൃ പ്രതിനിധികളെ ഉൾപ്പെടുത്തി സ്‌കൂളുകളിൽ ക്രിയാ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്.
പദ്ധതിക്ക് കീഴിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ സമ്പൂർണ്ണ സൗജന്യ സിവിൽ സർവിസസ് അക്കാദമി അടുത്ത മാസം 17ന് ഉദ്‌ഘാടനം ചെയ്യും. 10 വർഷം കൊണ്ട് 50 വിദ്യാർഥികളെയെങ്കിലും സിവിൽ സർവിസിൽ എത്തിക്കുകയാണ് ലക്ഷ്യം. ഗ്രാമങ്ങളെ സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയോജക മണ്ഡലത്തിലെ എല്ലാ വാർഡുകളിലും 'ക്രിയാ കമ്മ്യൂൺ' എന്ന പദ്ധതിയും നടപ്പാക്കിവരുന്നു. ഗ്രാമോത്സവങ്ങൾ, സ്ത്രീകൾക്കും യുവജനങ്ങൾക്കും വയോജനങ്ങൾക്കുമായി സംരംഭങ്ങൾ, കമ്മ്യൂണിറ്റി ഇൻഷുറൻസ് പ്രോഗ്രാം, ഹാപ്പി വില്ലേജ് പ്രോഗ്രാം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കമ്മ്യൂൺ നേതൃത്വം നൽകുമെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
ക്രിയ പദ്ധതികളെക്കുറിച്ചു വിശദീകരിക്കാൻ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഈ മാസം 17ന് വെള്ളിയാഴ്ച രാവിലെ 8.30 ന് ജിദ്ദ യു.എ.ഇ കോൺസുലേറ്റിന് എതിർവശമുള്ള റോയൽ കസാബ്ലാൻക ഹോട്ടൽ ഓഡിറ്റോറിയത്തിൽ പൊതുപരിപാടിയും രാത്രി 8.30 ന് രാഷ്ട്രീയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുസ്ഥഫ കോഴിശ്ശേരി, ജനറൽ സെക്രട്ടറി അഷ്റഫ് താഴെക്കോട്, ജില്ല കമ്മിറ്റി ഭാരവാഹി അബ്ബാസ് വേങ്ങൂർ, ലത്തീഫ് കാപ്പുങ്ങൽ, അബു കട്ടുപ്പാറ, ഷംസു പാറൽ, അലി ഹൈദർ, അസീസ് ചെറുകര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.