സൗദി പാചകക്കാർക്ക് ലോകോത്തര പരിശീലനത്തിന് പദ്ധതി
text_fieldsറിയാദ്: സൗദി അറേബ്യയിലെ പാചകക്കാർക്ക് ലോകോത്തര പരിശീലനം നൽകാൻ പദ്ധതിയുമായി സൗദി ക്യുലിനറി ആർട്സ് കമീഷൻ. അന്താരാഷ്ട്ര സംഘടനകളിൽനിന്നും പാചകകലയിൽ നൈപുണ്യ വികസനം നടത്തുന്ന സ്ഥാപനങ്ങളിൽനിന്നും പരിശീലനം നേടാൻ പാചകകലയിൽ താൽപര്യമുള്ള സൗദി യുവതീയുവാക്കൾക്ക് അവസരമൊരുക്കുമെന്ന് കമീഷൻ സി.ഇ.ഒ മായിദ ബദർ പറഞ്ഞു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറിലധികം പേരെ ഇതിനായി തിരഞ്ഞെടുത്തതായും അവർ പറഞ്ഞു. നിരവധി പ്രഫഷനലുകളുമായി അവരുടെ ആവശ്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യാൻ കമീഷൻ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുംദിവസങ്ങളിൽ സാംസ്കാരിക മന്ത്രാലയം നടത്തുന്ന സമ്മേളനങ്ങൾ, എക്സിബിഷനുകൾ, ഇവൻറുകൾ എന്നിവയിലൂടെ ഇവരുടെ പാചക വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്നും അവർ പറഞ്ഞു. ഈ മേഖലയെ വികസിപ്പിക്കുന്നതിനും ഭാവിയിൽ മികച്ച അവസരങ്ങൾ നൽകുന്നതിനുമുള്ള കമീഷെൻറ നീക്കത്തിെൻറ ഭാഗമായി പാചകരംഗത്തെ അന്താരാഷ്ട്ര സംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധരെ രാജ്യത്തേക്ക് ക്ഷണിക്കും. സൗദി പാചകരീതിയും തനത് വിഭവങ്ങളും അവതരിപ്പിക്കുന്നതിനായി വാർഷികാടിസ്ഥാനത്തിൽ ദേശീയ പാചക ഉത്സവം സംഘടിപ്പിക്കും. തനത് പാചകരീതികളെ അവതരിപ്പിക്കുന്നതിനും ഡോക്യുമെേൻറഷൻ നടത്തുന്നതിനും മെനു തയാറാക്കാനും ഏപ്രിൽ 16ന് കമീഷൻ നടപടി ആരംഭിച്ചു.
സൗദി പാചകക്കുറിപ്പുകളുടെ ഡേറ്റബേസ് സൃഷ്ടിക്കുക, പ്രാദേശിക പാചകരീതിയുടെ സാംസ്കാരിക ഉള്ളടക്കം സമ്പുഷ്ടമാക്കുക, പാചക മേഖലയുടെ പ്രാധാന്യം വർധിപ്പിക്കുക, പാചകകലയിൽ താൽപര്യവും കഴിവുമുള്ളവരെ കണ്ടെത്തുക, സൗദി പരമ്പരാഗത പാചകക്കുറിപ്പുകൾ പാചകം ചെയ്യാൻ താൽപര്യമുള്ളവർക്കിടയിൽ ആശയവിനിമയം വർധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിെൻറ ലക്ഷ്യം. പ്രധാനപ്പെട്ട അന്താരാഷ്ട്ര പാചക പരിപാടികളിൽ പങ്കെടുക്കുന്നതിനൊപ്പം സൗദി പാചക പൈതൃകം ലോകമെമ്പാടും അവതരിപ്പിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ മാധ്യമ കാമ്പയിൻ ആരംഭിക്കുമെന്നും മായിദ ബദർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.