ഭരണഘടന തകർത്ത് മതരാഷ്ട്ര സ്ഥാപനത്തിന് ആസൂത്രിത ശ്രമം -ചിന്ത റിയാദ്
text_fieldsറിയാദ്: ജനാധിപത്യ സംവിധാനങ്ങളെയെല്ലാം തങ്ങളുടെ വരുതിയിലാക്കി മതരാഷ്ട്രം സൃഷ്ടിക്കാനുള്ള ബോധപൂർവശ്രമം ഇന്ത്യയിൽ മോദി ഭരണകൂടം നടത്തുകയാണെന്ന് റിയാദ് ചിന്ത സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. ഭരണഘടനയെ വെറും നോക്കുകുത്തിയാക്കിയാണ് നിലവിൽ ഭരണം നിർവഹിക്കുന്നതെങ്കിൽ ഭാവിയിൽ ഈ ഭരണഘടന മാറ്റിയെഴുതി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പുതിയ പാർലമെൻറിൽ മതചിഹ്നമായ ചെങ്കോൽ പ്രതിഷ്ഠിക്കുന്നു, ലോക്സഭ അംഗങ്ങൾക്ക് നൽകിയ ഭരണഘടനയുടെ പുതിയ പതിപ്പിൽ ‘സോഷ്യലിസം-മതേതരത്വം’ എന്നീ മൂല്യവത്തായ പദങ്ങൾ ആമുഖത്തിൽ നിന്നും ഒഴിവാക്കി, എല്ലാവരെയും ഉൾക്കൊള്ളേണ്ട മന്ത്രിസഭയിൽ ന്യൂനപക്ഷ പ്രതിനിധ്യം പൂർണമായും ഇല്ലാതാക്കുന്നു. മുസ്ലിം, ക്രിസ്തീയ ആരാധനാലയങ്ങളും വീടുകളും നിരന്തരം തകർക്കപ്പെടുകയും ജയ് ശ്രീറാം വിളിക്കാൻ ദലിതരെടക്കം രാജ്യവ്യാപകമായി വേട്ടയാടുകയും ചെയ്യുന്നു. സർക്കാർ ഒത്താശയോടെ വർഗീയ ലഹളകൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പടരുന്നു.
ഭരണഘടന വിഭാവനം ചെയ്ത ഫെഡറലിസം തകർത്ത് സംസ്ഥാനങ്ങളുടെ അധികാരവും സമ്പത്തും കേന്ദ്രം കവർന്നെടുക്കുന്നു. ചരിത്രപുസ്തകങ്ങളിൽനിന്ന് ഗാന്ധിയും നെഹ്റുവും ആസാദും പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ പുറത്താക്കപ്പെടുകയും വ്യാജചരിത്രങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാവുകയും ചെയ്യുന്നു. മതാടിസ്ഥാനത്തിൽ പൗരത്വ നിയമം നടപ്പാക്കുന്നു. ശാസ്ത്രപഠനങ്ങളുടെ സ്ഥാനത്ത് കെട്ടുകഥകൾ പ്രചരിപ്പിക്കുന്നു. ഇന്ത്യൻ പാർലമെൻറ് സന്യാസിമാരും രാമക്ഷേത്രം പ്രധാനമന്ത്രിയും ഉദ്ഘാടനം ചെയ്യുന്നു.
സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് കരുതുന്ന ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമീഷൻ പോലും ആർ.എസ്.എസ് നിയന്ത്രണത്തിലായിരിക്കുന്നു. രാജ്യത്തിെൻറ പേര് മാറ്റുന്നു, ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നു. നമ്മുടെ രാജ്യത്തെ റിപ്പബ്ലിക്കായും ജനാധിപത്യ രാജ്യമായും നിലനിർത്തിയിരുന്ന ഭരണഘടന തന്നെ ഇല്ലാതാവുന്ന ഭീതിജനകമായ നാളുകൾ വിദൂരമല്ലെന്ന് സെമിനാറിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. സെമിനാറിൽ വിനോദ് കൃഷ്ണ മോഡറേറ്ററായിരുന്നു. കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. എം. ഫൈസൽ, ഷൈജു ചെമ്പൂര്, ഹരികൃഷ്ണൻ, രവീന്ദ്രൻ പയ്യന്നൂർ, ഇല്യാസ് (ആവാസ്), അബ്ദുല്ലത്തീഫ് (ഐ.സി.എഫ്), ഇസ്മാഈൽ കണ്ണൂർ എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂര് സ്വാഗതവും പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.