പുതിയ പദ്ധതി ആവിഷ്കരിച്ചു; 2025ൽ ഒന്നരക്കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളും
text_fieldsറിയാദ്: അടുത്ത വർഷം ഒന്നരക്കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതി ആവിഷ്കരിച്ചു. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നൽകിയത്. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചാണ് ഇത്രയും തീർഥാടകർക്ക് ആതിഥ്യമരുളുക.
മക്ക മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. തീർഥാടകർക്ക് നിലവിൽ നൽകിവരുന്ന സേവനത്തിന്റെ പരിവർത്തനം കൂടിയാണ് പുതിയ പദ്ധതി. 2030 ഓടെ മൂന്നു കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്നു കൂടിയാണ്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പ്രതിവർഷം മൂന്നു കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുക പദ്ധതി ലക്ഷ്യമാണ്. ഉംറ നിർവഹിക്കാൻ വരുന്നതിനുള്ള നടപടികൾ എളുപ്പവും സൗകര്യപ്രദവുമാക്കിയും വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാർഗങ്ങൾ നടപ്പാക്കിയുമാണ് ഇത്രയും പേർക്ക് ആതിഥ്യമരുളുക.
അടുത്ത വർഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.
തീർഥാടക സേവനങ്ങളിൽ അടുത്ത വർഷത്തോടെ 85ശതമാനവും 2030 ഓടെ 90 ശതമാനവും സംതൃപ്തി നേടുകയാണ് പ്രോഗ്രാമിന്റെ അന്തിമ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ പ്രദാനം ചെയ്തും ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങളും വിദ്യകളും ഉപയോഗിച്ച് സുഗമവും സുഖപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കിയുമാണ് ഈ നേട്ടം സാധ്യമാക്കുക. നിലവിൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വലിയ വളർച്ച നേടിയ രാജ്യം തുർക്കിയയാണ്. 312 ശതമാനം വർധനയാണ് ഉണ്ടായത്. എന്നാൽ ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് പാകിസ്താനാണ്. 20 ലക്ഷത്തിലധികം തീർഥാടകരാണ് പ്രതിവർഷം പാകിസ്താനിൽനിന്ന് എത്തുന്നത്. തൊട്ടുപിന്നിൽ 17,62,825 ഉംറ തീർഥാടകരുമായി ഈജിപ്തും 14,66,369 ഉംറ തീർഥാടകരുമായി ഇന്തോനേഷ്യയുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.