ചൈനീസ് കമ്പനികളുമായി ചേർന്ന് ഭവന നിർമാണ യൂനിറ്റുകൾ സ്ഥാപിക്കാൻ ധാരണ
text_fieldsറിയാദ്: സൗദിയിൽ ആയിരക്കണക്കിന് ഭവന നിർമാണ യൂനിറ്റുകൾ നിർമിക്കുന്നതിന് നിരവധി ചൈനീസ് നിർമാണ കമ്പനികളുമായി കരാറിൽ ഒപ്പുവെക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം ഉദ്ദേശിക്കുന്നു. അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് തലസ്ഥാനമായ ബീജിങിൽ മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രി മാജിദ് അൽ ഹുഖൈൽ എത്തുന്നതിനിടെയാണിത്. നിർമാണ സാമഗ്രികൾക്കായി ഒരു വ്യാവസായിക ലോജിസ്റ്റിക് സോൺ സ്ഥാപിക്കുന്നതിന് പ്രധാന ഫാക്ടറികളെ ആകർഷിക്കാനും പദ്ധതിയിടുന്നുണ്ട്. സന്ദർശനത്തിനിടെ നിരവധി ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായും നിർമാണ കമ്പനികളുടെയും ബാങ്കുകളുടെയും തലവൻമാരുമായും ചൈനീസ് ഭവന, നഗര, ഗ്രാമവികസന മന്ത്രി നി ഹോങുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
സംയുക്ത സഹകരണം, അനുഭവങ്ങൾ കൈമാറ്റം, ഇരു രാജ്യങ്ങൾക്കുമിടയിലെ വിവിധ വികസന മേഖലകളിലെ നിക്ഷേപ സാധ്യതകൾ പ്രത്യേകിച്ച് ഭവന, റിയൽ എസ്റ്റേറ്റ് വികസനം, നഗര വികസനം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകൾ, ആധുനിക കെട്ടിട സാങ്കേതിക വിദ്യകൾ, ഭവന നിർമാണം തുടങ്ങിയവ ചർച്ച ചെയ്യും. പൗരന്മാർക്ക് കൂടുതൽ ഉചിതമായ സാമ്പത്തിക പരിഹാരങ്ങൾ നൽകുന്നതിന് നിരവധി ചൈനീസ് ബാങ്ക് മേധാവികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. റിയൽ എസ്റ്റേറ്റ്, ഭവന പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ പങ്കാളിത്തം ചർച്ച ചെയ്യുന്നതിനും സഹകരണത്തിന്റെ വഴികൾ മെച്ചപ്പെടുത്തുന്നതിനുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.