നവകേരള യാത്രയിൽ സമസ്ത നേതാക്കൾ പങ്കെടുക്കുമെന്ന് കരുതുന്നില്ല - പി.എം.എ സലാം
text_fieldsജിദ്ദ: ഇടതുപക്ഷ സർക്കാർ നടത്തുന്ന നവകേരള യാത്രയിൽ പങ്കെടുക്കണമെന്ന് സമസ്ത നേതാക്കൾക്ക് അഭിപ്രായം ഇല്ലെന്നും ഒരു പണ്ഡിത സഭയായ സമസ്ത ആ യാത്രയിൽ പങ്കെടുക്കുമെന്ന് പറയില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്തയിൽ നിന്നും ഏതെങ്കിലും ഒറ്റപ്പെട്ട നേതാക്കൾ ആ യാത്രയിൽ പങ്കെടുത്തേക്കാം, പക്ഷെ അത് സംഘടന തീരുമാനം എന്ന നിലക്കല്ല. സമസ്ത നേതാക്കൾ യാത്രയിൽ പങ്കെടുക്കുമെന്ന് പറയില്ലെന്നും പങ്കെടുക്കില്ലെന്നും മുസ്ലിംലീഗ് നേതാക്കൾ അല്ലല്ലോ പറയേണ്ടത് എന്ന ചോദ്യത്തിന് സമസ്തയുടെ കാര്യങ്ങൾ നിങ്ങൾ അവരോട് ചോദിക്കൂ എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറി. മുസ്ലിംലീഗിനെ തകർക്കാൻ ശ്രമിക്കുന്നവർ എല്ലായിടത്തെന്ന പോലെ സമസ്തക്കകത്തും ഉണ്ട്. അത് സംഘടന അല്ല, ചില വ്യക്തികളാണ്. അങ്ങിനെയുള്ള ശ്രമങ്ങൾ ആര് നടത്തിയാലും ഞങ്ങൾ അതിനെ എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ഇടതുപക്ഷത്തോട് ചായുന്നുവെന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ല. മുസ്ലിംലീഗ് ഇപ്പോൾ ഒരു മുന്നണിയിലെ പ്രധാന ഘടകക്ഷിയാണ്. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെക്കുറിച്ചു ചിന്തിക്കുന്നത് മുസ്ലിംലീഗിന്റെ മാതൃകയോ പാരമ്പര്യമോ അല്ല. നിൽക്കുന്നിടത്ത് ഉറച്ചുനിൽക്കും. പക്ഷെ കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെ അടക്കം ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനിൽക്കേണ്ട വിഷയങ്ങളിൽ ഒന്നിച്ചുനിൽക്കണം എന്നുള്ളത് അത്യാവശ്യമാണ്. അത്തരം കാര്യങ്ങളിൽ യോജിക്കാൻ കഴിയുന്നിടത്ത് യോജിക്കും.
കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗത്വ സ്ഥാനം മുസ്ലിംലീഗിന് ലഭിച്ചത് തങ്ങളുടെ അവകാശമാണെന്നും ആരുടേയും ഔദാര്യമല്ലെന്നും പി.എം.എ സലാം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ തുടർച്ചയായതുകൊണ്ടാണ് ആ സ്ഥാനം മുസ്ലിംലീഗ് സ്വീകരിച്ചത്. 100 ലേറെ സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഒരാൾ ഡയറക്ടർ ബോർഡ് അംഗം ആവണമെന്ന് കേരള ബാങ്കുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ നിന്നുള്ള പരാമർശമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് സർക്കാർ ലീഗ് പ്രതിനിധിയെ ആ സ്ഥാനത്തേക്ക് പരിഗണിച്ചത്. അത് സ്വീകരിക്കാതിരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. യുഡിഎഫ് മുന്നണിയിലെ മറ്റു ഘടകകക്ഷികളിൽ നിന്നും സർക്കാർ സംവിധാനമായ വിവിധ വകുപ്പുകളിൽ ബോർഡ് അംഗത്വം ഉണ്ട്. യുവജനക്ഷേമ വകുപ്പ് ബോർഡിൽ യൂത്ത് കോൺഗ്രസ് പ്രതിനിധി ഉണ്ട്. ആർ.എസ്.പിയുടെ പ്രതിനിധികളും വിവിധ ബോർഡിൽ അംഗങ്ങളായിട്ടുണ്ട്. ബോർഡിൽ അംഗത്വം ഉണ്ടായിരിക്കെ തന്നെ ഇതുപോലുള്ള വകുപ്പുകളിൽ നടക്കുന്ന കൊള്ളരുതാഴ്മകളെ തങ്ങൾ എതിർത്ത് പോരുന്നുണ്ട്.
മുസ്ലിംലീഗിന് വേണ്ടി സംസാരിക്കുന്നവർ എന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ വരുന്ന പല ചർച്ചകളും വ്യാജ ഐഡികളിൽ വരുന്നതാണ്. അതൊന്നും പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. അത്തരം ചർച്ചകൾക്കെല്ലാം രണ്ടോ മൂന്നോ ദിവസത്തെ ആയുസ് മാത്രമായിരിക്കും ഉണ്ടാവുകയെന്നും പി.എം.എ സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.