സാംസ്കാരിക രാഷ്ട്രീയത്തെ ബലപ്പെടുത്തണം -പി.എൻ. ഗോപീകൃഷ്ണൻ
text_fieldsറിയാദ്: സ്വാതന്ത്ര്യത്തിനു ശേഷം എല്ലാതരം മൂല്യങ്ങളെയും നശിപ്പിക്കുകയും ബഹുസ്വരതക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് ഹിന്ദുത്വയെന്നും അതിനെ നേരിടാൻ സാംസ്കാരിക രാഷ്ട്രീയത്തെ ബലപ്പെടുത്തണമെന്നും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. റിയാദിലെ സാംസ്കാരിക കൂട്ടായ്മയായ ‘ചില്ല’യുടെ ദശവാർഷിക പരിപാടിയിൽ സംബന്ധിച്ച് ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ഹിന്ദുത്വയെ നേരിടാൻ മനുഷ്യരിലുള്ള വിശ്വാസത്തിൽ ദാർഢ്യം വരുത്തണം. ഇന്ത്യ എന്ന മഹാരാജ്യത്തിന് ഒരു സവിശേഷതയുണ്ട്. അത് മനസ്സിലാക്കാൻ ഇന്ത്യ മുഴുവൻ ചുറ്റേണ്ട ആവശ്യമില്ല. നമ്മുടെ അയൽപക്കത്തേക്കും ചുറ്റിലേക്കും കണ്ണോടിച്ചാൽ മതി. ആരുടെയും ജാതിയും മതവും പരതേണ്ടതില്ല. നവോത്ഥാനത്തിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും ഫലം കൊയ്യുന്നവരായിരുന്നു നാം. ഇതിനൊക്കെ മാറ്റമുണ്ടാകുന്നത് 1992-ലെ ആ ദുരന്തദിനമാണ്. എന്റെ ജീവിതത്തിലും മറക്കാനാകാത്ത ഏറ്റവും വലിയ സന്ദർഭമാണ് ബാബരി മസ്ജിദ് തകർക്കൽ.
നമ്മുടെ ഇടയിൽ ഫാഷിസ്റ്റ് ഭീകരത വളർന്നുവരുന്നത് അക്കാലത്താണ്. അതിനെ തുറന്നുകാണിക്കേണ്ടത് ഇന്നത്തെ ലോകത്തിന് അത്യാവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആത്മീയമായ ഒരു ദാഹം ഇന്ത്യയിലുണ്ടായിരുന്നു. ഗാന്ധിയെപോലെയുള്ള വ്യക്തികളിൽ അത് പ്രവർത്തിച്ചിരുന്നത് നമുക്ക് കാണാൻ സാധിക്കും. എന്നാൽ ‘ഹിന്ദുത്വ’ ഒരു പൊളിറ്റിക്കൽ പ്രോജക്ട് ആണ്. ഹിന്ദുമതവുമായി അതിന് ഒരു ബന്ധവുമില്ല. ഇത് കൃത്യമായി മനസ്സിലാക്കിയ ശേഷമായിരിക്കണം ഹിന്ദുത്വ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് ഗോപീകൃഷ്ണൻ അടിവരയിട്ടു.
ഒരു മല കയറുമ്പോൾ അതിന്റെ ഏറ്റവും ഉയരത്തിലുള്ള ഭാഗത്തേക്ക് നോക്കിയാൽ മലകയറ്റം സാധ്യമാകില്ല. ഫാഷിസത്തെ നേരിടാൻ അടുത്ത ചുവടുവെപ്പാണ് പ്രധാനം.പരിഷ്കൃതി ഏത് സമയത്തും പുരോഗതിയിലേക്ക് നയിക്കുന്ന ഒന്നാണെന്ന് വിചാരിക്കരുത്. അതിന്റേതായ പ്രതിസന്ധിയിൽ അത് എത്തിച്ചേരും. അതിനെ മറികടക്കാനുള്ള ആശയപരമായ പരികൽപനകൾ നാം നിർമിക്കണം. ഇന്ന് ഇന്ത്യയിൽ മുസ്ലിം വെറുപ്പാണ് നിലനിൽക്കുന്നത്. ഇന്ത്യൻ സമൂഹത്തിൽ ഇസ്ലാമോ ഫോബിയ അല്ല മുസ്ലിം വെറുപ്പാണുള്ളത്. അതേറ്റവും ഭീകരമാണ്. ഇത് പ്രചരിപ്പിക്കുന്നതും പ്രസരിപ്പിക്കുന്നതും വിദ്യാസമ്പന്നരായ ഹിന്ദുത്വ മധ്യവർഗ സമൂഹമാണ്. ഇത് ഒരു പ്രതിസന്ധിയാണ്. നാം പിന്തുടരുന്ന ഏത് ആശയവും ഒരു സന്ദർഭത്തിൽ നിലക്കും. അവിടുന്ന് മുന്നോട്ടു പോകണമെങ്കിൽ പുതിയ ആശയധാരകളും നൈതിക സമീപനങ്ങളും വാർത്തെടുക്കണം. ആ സന്ദർഭത്തിലാണ് നാം.
പുതിയ കാലത്തെ എഴുത്തുകാർ സംഘിപാളയത്തിൽ നിൽക്കുന്നവരല്ല. എന്നാൽ ആശയപരമായി മതേതരത്വത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും സമൂഹത്തിൽ നിലനിൽക്കേണ്ട നൈതികതയെ കുറിച്ചുമെല്ലാമുള്ള ഉത്ക്കണ്ഠകൾ പലപ്പോഴും കൈവെടിയുന്നുണ്ട്. അതിന് പാലകാരണങ്ങളുമുണ്ട്. ഒന്ന്, ഇപ്പോഴത്തെ നിയോ കപിറ്റലിസത്തിന്റെ സൃഷ്ടിയായ മാർക്കറ്റിന്റെ സ്വാധീനമാണ്.
ചരിത്രമൊന്നും വേണ്ട, പർച്ചേസിങ് പവറുണ്ടായാൽ എല്ലാമായി എന്നുള്ള നവലിബറൽ കാഴ്ചപ്പാടാണ് അതിനെ നയിക്കുന്നത്. ലിബറലുകൾ ഉണ്ടാക്കുന്ന വ്യക്തി ‘ഓർമ’യില്ലാത്തവൻ എന്നാണർഥം. ഇവരും ഫാഷിസവും ചേർന്ന് നിൽക്കുന്ന ഒരു സ്ഥലത്താണ് നമ്മുടെയൊക്കെ വ്യക്തിത്വത്തിന്റെ നിർമാണം നടക്കുന്നത്. അവിടെ നമ്മുടെ ജാഗ്രത പിൻവലിഞ്ഞാൽ ഫാഷിസത്തിന്റെ അക്രമാത്മകത കയറിവരും.
പ്രത്യേകിച്ചും വലിയൊരു ഹിന്ദു മിഡിൽക്ലാസ് സമൂഹം രൂപം കൊള്ളുന്ന സ്ഥലമാണല്ലോ കേരളം. കേരളത്തിൽ സവർണ മൂല്യങ്ങൾ കൊണ്ട് നടക്കുന്നത് ബ്രാഹ്മണർ മാത്രമല്ല, ഇതര ജാതീയ വിഭാഗങ്ങൾ കൂടി ഹിന്ദുത്വത്തെ തെരഞ്ഞെടുക്കുന്നതാണ് നാം കാണുന്നത്. ബാംഗാളിലും ഇതു തന്നെയാണ് സംഭവിച്ചത്. ഒരുഘട്ടം വരെ സംഘപരിവാറിന്റെ വിസിബിലിറ്റി കാണാൻ പറ്റിയിരുന്നില്ല. പൊടുന്നനെയാണ് അത് മാറിയത്. കാരണം അവർ അടിത്തട്ടിൽ നടത്തിയ സാംസ്കാരിക പ്രവർത്തനത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം കുത്തിവെച്ചാണ് അവരത് സാധിച്ചത്.രാജ്യം ആശങ്കജനകമായ ഒരു വഴിയിലൂടെ കടന്നുപോകുമ്പോഴും എഴുത്ത് പ്രതിസന്ധികൾ നേരിടുമ്പോഴും എഴുത്തുകാരൻ ആത്മവിചാരണ നടത്തണം. സംസ്കാരം പരീക്ഷണങ്ങളിലകപ്പെടുമ്പോൾ ‘ലിറ്റിൽ മാൻ’ ഉള്ളിൽനിന്നോ പിറകിൽനിന്നോ വിളിക്കുന്നുണ്ടോയെന്ന് നോക്കണമെന്നും അത് നമ്മുടെ മുന്നോട്ടുള്ള പോക്കിനെ തടയരുതെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.
വലിയ എഴുത്തുകൾ ഉണ്ടാകേണ്ട കാലമാണ്. ഗൗരവമായ ചിന്തക്കും എഴുത്തിനുമുള്ള പശ്ചാത്തലം ഒരുക്കണം. മനുഷ്യൻ ജീവിക്കുന്നിടത്തോളം പ്രതീക്ഷ കൈവിടരുത്. ഇന്ത്യയിൽ ഭൂരിപക്ഷ ജനങ്ങളും ഈ ഫാഷിസത്തിനൊപ്പമല്ല. അവരെ മൗനത്തിലേക്കും ശൈഥ്വില്യത്തിലേക്കും വിട്ടുകൊടുക്കരുത്. ജനങ്ങളുടെ കൈയിൽ കൂട്ടിപ്പിടിച്ച് അവരെ ചേർത്തു നിർത്തണം. നുണകളുടെ പ്രോപ്പഗണ്ടകളെ ഇല്ലാതാക്കുക എളുപ്പമല്ല. വലതുപക്ഷത്തിന്റെ വൈരുധ്യങ്ങൾ തുറന്ന് കാട്ടാനും ചെറുത്ത് നിൽക്കാനും കഴിയണം. നിരന്തരം ചെയ്യേണ്ട ഒരു പ്രക്രിയയാണത്. മനുഷ്യർ തമ്മിൽ സംസാരിച്ചുകൊണ്ടേയിരിക്കണം. കഥയിലും കവിതയിലും നമുക്കത് ആഴത്തിൽ കൊണ്ടുവരാൻ കഴിയണം. മനുഷ്യരിലുള്ള വിശ്വാസത്തിൽ ദാർഢ്യം വരുത്തണം -കവി നമ്മെ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.