കവിതകളിൽ വസന്തം വിരിയിച്ച് കബീർ എം. പറളി
text_fieldsജുബൈൽ: സൗദിയിൽ പ്രവാസിയായ കബീറിന് കവിതകൾ കേവലം അഭിനിവേശമല്ല, മാതൃവാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും ഹൃദയത്തിൽ വിടരുന്ന നാമ്പുകളാണ്. ആസ്വാദകന്റെ മനസ്സിൽ വേലിയേറ്റമായി പടരുന്ന തിരയായിമാറും കബീറിന്റെ ഓരോ കവിതയും.
ഇതുവരെ 23ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും ഇസ്ലാമിക സാഹിത്യങ്ങളിലൂടെയുമൊക്കെ തന്റെ സർഗാത്മകതയുടെ തികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അറബിയില്‍നിന്നുള്ള വിവര്‍ത്തനങ്ങളുമുണ്ട് കൂട്ടത്തിൽ.
പാലക്കാട് ജില്ലയിലെ കുന്നങ്കാട് സ്വദേശിയായ കബീർ താൻ പഠിച്ച പാലക്കാട് മുജാഹിദീന്‍ അറബിക് കോളജില്‍ തന്നെ ആറുവര്‍ഷം അധ്യാപകനായി ജോലി ചെയ്തശേഷം 1993ലാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ റഹിമയിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്കായി കടൽ കടക്കുന്നത്.
പിന്നീട് ജുബൈലിൽ എ.വൈ.ടി.ബി കമ്പനിയിലും സാബിക് ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി, സാബ്ടാങ്ക്, യുനൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനി എന്നിവിടങ്ങളിലും ബൈലിംഗ്വല്‍ സെക്രട്ടറിയായും അമിനാത്ത് അറേബ്യന്‍ കമ്പനിയില്‍ വെയര്‍ഹൗസ് ഇന്‍ചാര്‍ജായും ജോലി ചെയ്തു. ഗ്ലോബല്‍ സോഴ്സസ് ജനറല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ വെയര്‍ഹൗസ് ഇന്‍ചാര്‍ജാണ് ഇപ്പോൾ.
വിശ്വാസിനി, ഉമ്മാ നിങ്ങളുടെ സ്നേഹത്തിന് മുന്നില്‍, പ്രിയതമന്... ഒരു ഭാര്യയുടെ പരിഭവ മൊഴികള്‍, ഖുര്‍ആന്‍ വിളിക്കുന്നു, സാന്ത്വനം, നിര്‍ഭയത്വം നല്കുന്ന മതം, നന്ദി, മുഹമ്മദ് നബി ചന്തമാര്‍ന്ന വ്യക്തിത്വം, സ്വർഗം അരികെ, മലക്കുകള്‍, പൊക്കിള്‍ കൊടിയിലെ രക്തം എന്നിവയാണ് പ്രധാന കൃതികള്‍.
കുട്ടികൾക്കായി ‘അമ്മപ്രാവുകള്’ എന്ന ബാല കവിതാസമാഹാരം പ്രസിദ്ധീകരണത്തിനു തയാറായിട്ടുണ്ട്. മറ്റ് ചില പുസ്തകങ്ങൾ പണിപ്പുരയിലാണ്. മതപ്രബോധന രംഗത്തും സജീവമായ കബീര്‍ ജുബൈലിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡൻറും സെന്റർ സൗദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമാണ്.
ജൂബൈലിലെ സാമൂഹിക സാംസ്കാരിക പ്രവർത്തന രംഗത്തും വളരെ സജീവമാണ്. ഭാര്യ: കെ.ഐ. ഷംല, മകൾ ഷഫ്ന ബിന്ത് കബീര്‍ കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ്. മകൻ നസ്വീഫ് ബിൻ കബീര്‍ ജുബൈലിൽ തന്നെ പ്രോജക്ട് എൻജിനീയറായി ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.