റിയാദിൽ പിടിച്ചുപറി സംഘങ്ങളെ കൂട്ടത്തോടെ വലയിലാക്കി പൊലീസ്
text_fieldsറിയാദ് പൊലീസ് കവർച്ച സംഘങ്ങളെ പിടികൂടുന്നു
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ആളുകളിൽ ഭയം വിതച്ച് വിഹരിച്ച കവർച്ച സംഘങ്ങളെ കൂട്ടത്തോടെ വലയിലാക്കി റിയാദ് പൊലീസ്. അടുത്ത കാലത്തായി പട്ടാപ്പകൽ പോലും പുറത്തിറങ്ങാൻ ആളുകൾ പേടിക്കുന്ന സ്ഥിതിയിൽ സൈക്കിളിലും ബൈക്കിലും കാറിലും കറങ്ങി പിടിച്ചുപറിക്കുന്ന സംഭവങ്ങൾ വ്യാപകമായിരുന്നു. ആവർത്തിക്കുന്ന സംഭവങ്ങൾ ഭയം ഇരട്ടിപ്പിച്ചുകൊണ്ടിരിക്കെ കൊള്ളയടി തൊഴിലാക്കിയ 21 പ്രതികളെ ഒറ്റയടിക്ക് പൊലീസ് പൊക്കിയത് നഗരവാസികളിൽ, പ്രത്യേകിച്ച് പ്രവാസി സമൂഹങ്ങളിൽ വലിയ തോതിൽ ആശ്വാസം പകർന്നിരിക്കുകയാണ്.
വഴിയാത്രക്കാരോട് പിടിച്ചുപറിയും വീടുകൾ കൊള്ളയടിക്കലും തൊഴിലാക്കിയ സംഘത്തെ സൂചനകളുടെ അടിസ്ഥാനത്തിൽ റിയാദ് മേഖല പൊലീസ് കുറ്റാന്വേഷണ വിഭാഗം പിന്തുടർന്ന് തൊണ്ടിമുതലുകളടക്കം പിടികൂടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയാണ് ഈ പ്രതികൾ കൊള്ളയും പിടിച്ചുപറിയും നടത്തിവന്നത്. സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ച സർക്കാർ വാഹനങ്ങളെന്ന് തോന്നിപ്പിക്കുന്നവയിൽ കറങ്ങി ആളുകളെ കബളിപ്പിച്ചായിരുന്നു കൊള്ളയടി. സുരക്ഷാപരിശോധന എന്ന നാട്യത്തിൽ വീടുകളിലും കടകളിലും കയറിയും കൊള്ളയടി നടത്തി. പ്രതികളിൽ 18 പേർ യമനികളാണ്. മൂന്നു പേർ സൗദി പൗരന്മാരും. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രൊസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
മാത്രമല്ല അടുത്തകാലത്തായി കവർച്ച കേസുകൾ വർധിച്ച സാഹചര്യത്തിൽ വ്യാപകമായി തന്നെ പൊലീസ് വലവിരിച്ച് അന്വേഷണം തുടരുകയാണ്. നഗര ജീവിതത്തിന്റെ സ്വൈരതയെ അപകടത്തിലാക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ പൊലീസ് നടപടിയുണ്ടാകുന്നത് ആളുകൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. മുമ്പ് ബത്ഹയിൽ ഭയം വിതച്ചിരുന്ന സംഘങ്ങൾ ഇക്കഴിഞ്ഞ നാളുകളിൽ ശുമൈസി ഉൾപ്പെടെയുള്ള മറ്റു ഭാഗങ്ങളിലും കാൽനടക്കാർക്കും വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങുന്നവർക്കും ഭീഷണിയായി മാറിയ സംഭവങ്ങൾ ആവർത്തിച്ചിരുന്നു. ഇരുളിൽ പതുങ്ങിയിരുന്ന് ആക്രമിച്ച് പണവും മൊബൈൽ ഫോണും മറ്റും കവർന്നിരുന്ന സംഘങ്ങൾ ഇപ്പോൾ പകലും വിലസുന്നു. വലിയ കത്തികളും കൈകളിൽപിടിച്ച് സൈക്കിളിൽ റോന്തു ചുറ്റിയാണ് ഇരകളെ അക്രമിക്കുന്നത്.
ആളില്ലാത്ത ഗല്ലികളിലൂടെ കറങ്ങി നടക്കുന്ന അക്രമികൾ തരംനോക്കി കത്തിയും മറ്റു ആയുധങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി ഇരകളുടെ കൈയിലുള്ളതെല്ലാം കവരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. പണമോ വസ്തുക്കളോ കിട്ടിയില്ലെങ്കിൽ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്നത് പ്രവാസികൾക്കിടയിൽ വ്യാപക ഉത്കണ്ഠക്ക് ഇടയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.