ഊർജവ്യവസായത്തിൽ മലിനീകരണ നിയന്ത്രണം: ഗവേഷണ കേന്ദ്രവുമായി സൗദി അരാംകോ
text_fieldsസാജിദ്ആറാട്ടുപുഴ
ദമ്മാം: ഊർജവ്യവസായത്തിൽ കാർബൺ ബഹിർഗമനം ഉൾപ്പെടെ മലിനീകരണങ്ങൾക്ക് പരിഹാരം കാണാൻ സൗദി അരാംകോ ഗവേഷണ കേന്ദ്രം ആരംഭിച്ചു. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് കേന്ദ്രം.
ഉദ്ഘാടന ചടങ്ങിൽ അരാംകോ സീനിയർ വൈസ് പ്രസിഡന്റ് അപ്സ്ട്രീം നാസിർ കെ. അൽ-നൈമി, കുസാറ്റ് ഇന്നൊവേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ഡോ. കെവിൻ കുള്ളൻ, സാബിക്, ഡോവ്, പെട്രോ റാബിക് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. നൂതനസാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഊർജ വ്യവസായത്തിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി നിർമിത ബുദ്ധിയും യന്ത്രസംവിധാനങ്ങളും ഉപയോഗപ്പെടുത്തും. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണം തങ്ങളുടെ ലക്ഷ്യ സാക്ഷാൽക്കാരം എളുപ്പമാക്കുമെന്ന് അരാംകോ ചീഫ് ടെക്നോളജി ഓഫിസർ എൻജി. അഹ്മദ് അൽ-ഖുവൈറ്റർ പറഞ്ഞു. ഊർജ വ്യവസായം പ്രധാനമായും നേരിടുന്ന പ്രശ്നമാണ് കാർബൻ ബഹിർഗമനവും ഇതുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണവും.
2050ഓടെ ഇത് പൂർണമായും ഇല്ലാതാക്കാനുള്ള ഘട്ടം ഘട്ടമായുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള എണ്ണ ഉപഭോക്താക്കളെ ഈ നേട്ടങ്ങളിലുടെ സഹായിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർച്ച് സെന്ററിലെ ഗവേഷകരും എൻജിനീയർമാരും ശാസ്ത്രജ്ഞരും കാർബൺ ക്യാച്ചർ, ലോ-കാർബൺ ഹൈഡ്രജൻ/അമോണിയ, നോൺ-മെറ്റാലിക്സ്, ഇ-ഇന്ധനങ്ങൾ, ദ്രാവകങ്ങൾ-രാസവസ്തുക്കൾ, നൂതന ഗതാഗത സാങ്കേതികവിദ്യകൾ എന്നിവയിൽ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. സൂപ്പർ-കമ്പ്യൂട്ടിങ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിന് ഇത് അവസരമൊരുക്കും. ഒപ്പം അരാംകോയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് റിസർച്ച് സെന്ററിനെ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.