അനിൽ പനച്ചൂരാൻ കവിതകളെ ജനകീയവത്കരിച്ചു –നവോദയ റിയാദ്
text_fieldsറിയാദ്: മലയാള യുവത്വം ഹൃദയത്തിൽ ഒപ്പിയെടുത്ത ഒരുപിടി ഗാനങ്ങളുടേയും കവിതകളുടേയും സ്രഷ്ടാവായ ജനപ്രിയ കവിയായിരുന്നു അനിൽ പനച്ചൂരാനെന്ന് റിയാദ് നവോദയ സംഘടിപ്പിച്ച പനച്ചൂരാൻ അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. പ്രണയവും വിഷാദവും സഹാനുഭൂതിയും ഗൃഹാതുരതയും നിറഞ്ഞുനിന്ന കവിതകളും പാട്ടുകളും ലളിതസുന്ദര പദാവലികളിലൂടെ ജനഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു. യുവതലമുറയെ ആവേശം കൊള്ളിച്ച ഒട്ടനവധി ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അനിൽ പനച്ചൂരാെൻറ വിയോഗം 'നാട്ടിലേക്ക് തിരികെ വരാൻ കൊതിക്കുന്ന' പ്രവാസികളുടെ വലിയ നഷ്ടംകൂടിയാണ്.
ചലച്ചിത്ര സംവിധായകൻ എന്ന മേഖലയിൽകൂടി തെൻറ പ്രതിഭയെ സമ്പന്നമാക്കാൻ ശ്രമിക്കവേയാണ് ക്ഷണിക്കാത്ത അതിഥിയായി മരണമെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. നവോദയയുടെ 'ദശോത്സവം' പരിപാടിക്കായി കവിയെ റിയാദിൽ എത്തിച്ചതിനെയും ആ ദിനങ്ങളിൽ അദ്ദേഹവുമായി രൂപപ്പെട്ട ആത്മബന്ധത്തെയും കുറിച്ച് സെക്രട്ടറി രവീന്ദ്രൻ, ബാബുജി എന്നിവർ അനുസ്മരിച്ചു.
റിയാദിന് സമീപം ഹുറൈംലയിൽ ജോലി ചെയ്യുന്ന അനിൽ പനച്ചൂരാെൻറ സഹോദരി അനിതയും അനുശോചനയോഗത്തിൽ പങ്കെടുത്തു. വെർച്വലായി നടന്ന യോഗത്തിൽ ഷാജു പത്തനാപുരം അധ്യക്ഷത വഹിച്ചു. അഷ്റഫ് വടക്കേവിള, ജയൻ കൊടുങ്ങല്ലൂർ, ബാബുജി, സജി കായംകുളം, സൂര്യശങ്കർ, നെബു വർഗീസ്, സക്കീർ ഹുസൈൻ, ജോസഫ് അതിരുങ്കൽ, ഹേമന്ദ്, റാണി ടീച്ചർ, അൻഷു സാം (നവോദയ ആസ്ട്രേലിയ), നാരായണൻ, ഗ്ലാഡ്സൺ, അനിൽ പിരപ്പൻകോട്, അബ്ദുൽകലാം, ബാലകൃഷ്ണൻ, സുരേഷ് സോമൻ, പ്രഭാകരൻ, സലിം, ഡോ. ജയചന്ദ്രൻ, മനോഹരൻ, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. സജി കായംകുളവും ഗ്ലാഡ്സണും കവിതകൾ ചടങ്ങിൽ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.