ആരോഗ്യ മേഖലയിൽ ഡിജിറ്റലൈസേഷന്റെ സാധ്യതകൾ
text_fieldsലോകത്തെ പകുതിയോളം ആളുകള്‍ക്ക് അവശ്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 100 ദശലക്ഷത്തിലധികം പേര് ആരോഗ്യ പരിചരണ ചെലവുകള്‍ താങ്ങാന്‍ സാധിക്കാത്തതിനാൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള ആരോഗ്യപരിചരണം പ്രാപ്യമായ രീതിയില്‍ കൃത്യസമയത്ത് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത എന്നത്തേക്കാളും കൂടുതലായി അനുഭവപ്പെടുന്ന സമയം കൂടിയാണിത്.
ലോകത്തിന്റെ മുക്കിലും മൂലയിലും നേരിട്ട് ആരോഗ്യസംരക്ഷണവുമായി എത്താൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ, സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഡിജിറ്റലൈസേഷനിലൂടെ ആരോഗ്യ സേവനങ്ങൾ എല്ലായിടത്തും എത്തിക്കാൻ കഴിയും. വികസ്വര രാജ്യങ്ങള്‍ ആരോഗ്യ സംരക്ഷണ ചെലവിനായി ജി.ഡി.പിയുടെ ശതമാനം വർധിപ്പിക്കേണ്ടത് പ്രധാനമാണെങ്കിലും, ഡിജിറ്റൈലസേഷനാണ് ഈ സാഹചര്യങ്ങള്‍ക്കുള്ള പ്രതിവിധിയാകേണ്ടത്. ഇത് ലോകത്തെ വിദൂര കോണുകളില്‍ പോലും മൊബൈല്‍ ഫോണുകള്‍ വഴി പ്രാഥമിക ആരോഗ്യ പരിരക്ഷയെങ്കിലും ലഭ്യമാക്കാന്‍ സഹായിക്കും.
എല്ലാ മേഖലയിലും ഡിജിറ്റലൈസേഷൻ നടപ്പാക്കാനാണ് ആസ്റ്ററിന്റെ തീരുമാനം. ചെലവ് കുറഞ്ഞ രീതിയില്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി നിര്‍വചിക്കുന്നതിനും ഈ രംഗത്തെ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും ഇനിപ്പറയുന്ന പ്രവണതകള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഓംനി ചാനൽ
രോഗികള്‍ അവരുടെ വീട്ടിലിരുന്നോ ജോലിസ്ഥലത്തുള്ള സൗകര്യങ്ങളില്‍ നിന്നോ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ പല ആശുപത്രികളും ആരോഗ്യ പരിചരണ സേവനദാതാക്കളും വിദൂരമായിത്തന്നെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് ഡിജിറ്റലൈസ്ഡ്, വെര്‍ച്വല്‍ സൊല്യൂഷനുകള്‍ നടപ്പിലാക്കാൻ മുന്‍കൈയെടുത്തിട്ടുണ്ട്. വെര്‍ച്വല്‍ കെയര്‍ ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം വിവിധ ജനസമൂഹങ്ങളടങ്ങുന്ന വിശാലമായ ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കാന്‍ കഴിയും. ഈ ഓംനി ചാനല്‍ വഴി ചെലവേറിയ സൗകര്യങ്ങൾ കൂടാതെ കണ്സള്ട്ടേഷന്, അന്വേഷണം, മരുന്നുകളുടെ ഡെലിവറി, ഹോം കെയര്‍ തുടങ്ങിയ ചെലവ് കുറഞ്ഞ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നു.
ടെലി മെഡിസിന്, റിമോര്‍ട്ട് മോണിറ്ററിങ്
ടെലിഹെല്‍ത്ത്, റിമോട്ട് മോണിറ്ററിങ്, ഇ-ഐ.സി.യു കെയര്‍, ടെലി റേഡിയോളജി, ടെലി-പത്തോളജി എന്നിവയില്‍ മികച്ചതും ഗുണനിലവാരമുള്ളതും കാര്യക്ഷമവുമായ നിലയില്‍ കുറഞ്ഞ ചെലവില്‍ ഔട്ട്സോഴ്സ് സേവനങ്ങള്‍ ഏറ്റെടുക്കാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത് കാണാം. ഒരു ബില്യണിലധികം ജനങ്ങള്‍ക്ക് സേവനം നല്കുന്ന ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെ ക്ലിനിക്കല്‍ മികവിന്റെ കേന്ദ്രമായി ഗൾഫ് നാടുകൾക്ക് ഉയര്‍ന്നുവരാനാകും. വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് മാത്രമായി ആശുപത്രി സന്ദര്‍ശനം ചുരുക്കുകയും തുടര്‍നടപടികള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ക്കായുള്ള ഡിമാന്‍ഡ് ഈ കാലയളവില്‍ കുത്തനെ ഉയര്‍ന്നതായി ഞങ്ങള്‍ കണ്ടു. ഇത് ജി.സി.സിയിലും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ സ്ഥാപനങ്ങളില്‍ പുതുതായി 800 ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയും എട്ട് മാസത്തിനിടെ ഒരു ലക്ഷത്തിലധികം കണ്‍സള്‍ട്ടേഷനുകള്‍ സ്വീകരിക്കുകയും ചെയ്തു.
സ്മാര്‍ട്ട് ഹോസ്പിറ്റൽ
യു.എന്നിന്റെ കണക്കനുസരിച്ച് 2030ഓടെ ലോകജനസംഖ്യ 8.5 ബില്യണ്‍ കവിയുമെന്നും 2050ഓടെ 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 2015നെ അപേക്ഷിച്ച് ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സഹായം, ആശുപത്രിവാസം, പരിചരണത്തുടര്ച്ച എന്നിവ ആവശ്യമുള്ള ജനസംഖ്യാ വിഭാഗം. ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റാന്‍, ആശുപത്രി സംവിധാനങ്ങള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാക്കുകയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ 'സ്മാര്‍ട്ട്' ഇന്‍ഫ്രാസ്ട്രക്ചര്‍ അവതരിപ്പിക്കുകയും വേണം.
ഇത് സ്മാര്‍ട്ട് ഹോസ്പിറ്റല്‍ സംവിധാനങ്ങളും ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡ് സംവിധാനങ്ങളും സ്വീകരിക്കുന്നതിലേക്ക് നയിക്കുന്നു. സ്റ്റാന്‍ഡേര്‍ഡൈസേഷനും ഓട്ടോമേഷനും സാധ്യമാക്കാന്‍ ഇന്‍ഷുറന്‍സ് പേയര്ക്കൊപ്പം റെഗുലേറ്റര്‍മാരും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. ആരോഗ്യ പരിചരണ സംരംഭങ്ങള്‍ക്ക് കൂടുതല്‍ സുസ്ഥിരമായ ഭാവിക്കും ഇത് അടിത്തറ പാകുന്നു.
മാറ്റങ്ങൾക്ക് നേതൃത്വം നൽകാം
ആരോഗ്യ പരിചരണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിവുള്ള മാറ്റത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്. മാറുന്ന കാലത്തിനനുസരിച്ച് പുതുമ ഉള്‍ക്കൊള്ളുകയും, മാറ്റത്തിന് വിധേയമാവുകയും ചെയ്യാത്ത ആരോഗ്യപരിപാലന ദാതാക്കള്‍ ഈ രംഗത്തുനിന്നും പിന്നാക്കം പോകുകയും തകര്‍ച്ചയെ നേരിടുകയും ചെയ്യും.
പല ആശുപത്രികളിലും ഇനി ഹ്യൂമനോയിഡ് റോബോട്ടുകളെ നിങ്ങള്‍ കാണും. കമ്പ്യൂട്ടറുകള്‍ക്കുള്ളില്‍ ഇരുന്ന്, ഡോക്ടര്‍മാരെ സഹായിക്കുന്നതിന് രോഗനിര്‍ണയവും ചികിത്സാ പ്രോട്ടോക്കോളുകളും നല്കുന്ന റോബോട്ടുകള്‍ പുതിയ കാഴ്ചകളായിരിക്കും. വിദൂര നിരീക്ഷണമുള്ള വെയറബിളുകളും ട്രാക്കറുകളും ഇതിനകം ജനപ്രിയമായിത്തീര്‍ന്നിരിക്കുന്നു. അവയുടെ ഉപയോഗം ഇനി ഗണ്യമായി വർധിക്കും. അവയവങ്ങളുടെ ത്രീഡി പ്രിന്റിങ്, റിമോട്ട് റോബോട്ടിക് സര്‍ജറികള്‍, ക്രിസ്പര്‍ ടെക്നോളജിയിലൂടെ ജനിതക രോഗങ്ങളുടെ ജീനോമിക് സീക്വന്‍സിങ്ങും ചികിത്സയും, രോഗനിര്‍ണയത്തിലും ചികിത്സയിലും നാനോടെക്നോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, ജനിതക ഘടനയെ ആശ്രയിച്ച് വ്യക്തിഗതമാക്കിയ മരുന്ന് രൂപപ്പെടുത്തല്‍ തുടങ്ങിയവ ഇനി സാധാരണമാകും.
ബാങ്കിങ്, റീട്ടെയ്ല്‍ തുടങ്ങിയ നിരവധി മേഖലകള്‍ കുതിച്ചുയര്‍ന്ന 50 വര്‍ഷത്തിനിടെ, ആരോഗ്യ സംരക്ഷണ മേഖല ഡിജിറ്റലൈസേഷനില്‍ പിന്നിലാണ്. ഹെല്‍ത്ത്കെയര്‍ മേഖല അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കും. ഈ ദശാബ്ദത്തില്‍ സംഭവിക്കുന്ന നവീകരണത്തിലൂടെ വലിയ പരിവര്‍ത്തനം തന്നെ ആരോഗ്യ മേഖലക്ക് സംഭവിക്കും. ഇത് ലോക ജനസംഖ്യയുടെ ആരോഗ്യ സംരക്ഷണത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.