ശറൂറയിൽ വൈദ്യുതി മുടങ്ങി; അടിയന്തര അന്വേഷണത്തിന് നിർദേശം
text_fieldsറിയാദ്: ശറൂറ ഗവർണറേറ്റ് പരിധിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ആണ് ഇത് സംബന്ധിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടർ ബോർഡിന് നിർദേശം നൽകിയത്. തെക്കൻ അതിർത്തിയിൽ യമനോട് ചേർന്നുള്ള ശറൂറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈദ്യുതി മുടങ്ങിയത്. പിറ്റേന്ന് ശനിയാഴ്ചയും വൈദ്യുതി മുടക്കം തുടർന്നു.
വൈദ്യുതി സേവനം തടസ്സപ്പെട്ടതിന്റെ ഫലമായി സൗദിയുടെ തെക്കുഭാഗത്തുള്ള ശറൂറ ഗവർണറേറ്റ് ഭൂപരിധിയിലെ പ്രദേശവാസികളായ എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനപ്രദമായ നടപടികൾ നടപ്പാക്കണമെന്നും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവരെ പ്രതിക്കൂട്ടിൽ നിർത്തുകയും നിയമപരമായ പിഴകൾ ചുമത്തുകയും ചെയ്യണമെന്നും സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു. ഈ തടസ്സത്തിലേക്ക് നയിച്ച മൂലകാരണങ്ങൾ തിരിച്ചറിയാൻ ബോർഡ് ശിപാർശ ചെയ്തു. എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി സേവനം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ നടപ്പാക്കണം. അതിനിടയിൽ പ്രദേശത്ത് മുമ്പത്തെ സമാനമായ തകരാറുകൾ ഉൾപ്പെടെ തടസ്സം വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബോർഡ് പറഞ്ഞു. ശറൂറയിലെ വൈദ്യുതി മുടക്കത്തെതുടർന്ന് ശനിയാഴ്ച രാവിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് അടിയന്തര യോഗം ചേർന്നിരുന്നു. വൈകീട്ടാണ് യോഗം അവസാനിച്ചത്.
എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി സേവനം പുനഃസ്ഥാപിക്കുന്നതിനും തടസ്സം ആവർത്തിക്കാതിരിക്കുന്നതിനും സൗദി ഇലക്ട്രിസിറ്റി കമ്പനി അടിയന്തര നടപടികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് യോഗം സമാപിച്ചത്. ദുരിതബാധിതരായ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കമ്പനി അതിന്റെ ഉത്തരവാദിത്തം നിർവഹിക്കാഞ്ഞത് സേവനം പുനഃസ്ഥാപിക്കുന്നതിന് താമസംവരുത്തിയെന്ന് ബോർഡ് യോഗം ചൂണ്ടിക്കാട്ടി.
വൈദ്യുതി സേവനം തടസ്സപ്പെട്ടതിൽ ബോർഡ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശറൂറയിലെ എല്ലാ ഉപഭോക്താക്കളുമായും ഉടൻ ആശയവിനിമയം നടത്താനും അവരോട് ക്ഷമാപണം നടത്താനും നഷ്ടപരിഹാര തുക അറിയിക്കാനും സംഭവവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളും പരാതികളും സ്വീകരിക്കുന്നതിന് പ്രത്യേക ടെലിഫോൺ ലൈനുകൾ ഒരുക്കാനും ബോർഡ് കമ്പനിയോട് അടിയന്തിര യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.