കനത്ത മണൽക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്
text_fieldsസാബു മേലതിൽ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മണൽക്കാറ്റിന് സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി മുന്നറിയിപ്പ്. റിയാദ്, മദീന, യാംബു, അൽ-റീസ്, യാംബു അൽ-നഖൽ ഗവർണറേറ്റുകൾ, അൽ-ഉല, ഖൈബർ എന്നിവിടങ്ങളിലാണ് ഇന്ന് പൊടിക്കാറ്റിന് സാധ്യത. മണൽക്കാറ്റിനെ തുടർന്നുണ്ടായ ശ്വാസതടസ്സം മൂലം ഈമാസം 1,200ലധികം ആളുകൾ വിവിധ ആശുപത്രികളിൽ ചികത്സതേടി. കഴിഞ്ഞ ഒരുമാസമായി ഇറാൻ, ഇറാഖ്, സിറിയ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ ശക്തമായ മണൽക്കാറ്റ് വീശിയടിച്ചിരുന്നു. ഇത് ആയിരക്കണക്കിന് ആളുകളെ രോഗികളാക്കി. ഇറാഖിൽ ഒരാളും കിഴക്കൻ സിറിയയിൽ മൂന്നുപേരും മരിച്ചു.
വസന്തത്തിന്റെ അവസാനവും വേനൽക്കാലത്തും മണൽക്കാറ്റ് സാധാരണമാണ്. എന്നാൽ, ഈ വർഷം ഇറാഖിൽ എല്ലാ ആഴ്ചയും സംഭവിച്ചിട്ടുണ്ട്. ഇറാഖ് ആരോഗ്യമന്ത്രാലയം ഓക്സിജൻ ക്യാനിസ്റ്ററുകൾ ഏർപ്പെടുത്തി. സിറിയയിലെ കിഴക്കൻ പ്രവിശ്യയായ ദേർ എസോറിൽ മണൽക്കാറ്റ് വീശിയടിച്ചതിനാൽ മെഡിക്കൽ വകുപ്പ് ജാഗ്രത നിർദേശം നൽകി. മണൽക്കാറ്റിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഇറാൻ സ്കൂളുകളും സർക്കാർ ഓഫിസുകളും അടച്ചിരുന്നു. ഖുസെസ്ഥാനിലെ തെക്കുപടിഞ്ഞാറൻ മരുഭൂമിയിലാണ് കാറ്റ് ഏറ്റവുമധികം ബാധിച്ചത്. അവിടെ 800ലധികം ആളുകൾ ശ്വാസതടസ്സം മൂലം ചികിത്സ തേടി. പടിഞ്ഞാറൻ ഇറാനിൽനിന്നുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ഈമാസം രണ്ടാം തവണയും കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് പൊടിക്കാറ്റ് കാരണം എല്ലാ വിമാനങ്ങളും നിർത്തിവെച്ചു.
നജ്റാനിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
നജ്റാൻ: ശക്തമായ പൊടിക്കാറ്റ് ദൂരക്കാഴ്ചയെ ബാധിച്ചതിനാൽ ബുധനാഴ്ച രാവിലെ നജ്റാൻ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
ഖബാഷ്, ബദർ അൽ-ജനൂബ്, താർ, ഹബൗന, യാദ്മ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന നജ്റാൻ മേഖലയിൽ പൊടിപടലങ്ങൾ നിലനിൽക്കുന്നതായും കാഴ്ച കുറയുമെന്നും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.
വീടിന്റെ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്നും വായു ഫിൽട്ടർചെയ്യുന്ന മാസ്കുകൾ ധരിക്കാനും നജ്റാനിലെ ആരോഗ്യകാര്യ ജനറൽ ഡയറക്ടറേറ്റും മുന്നറിയിപ്പ് നൽകി. ആസ്ത്മ രോഗികളോട് ഡോക്ടർമാർ നിർദേശിച്ച എമർജൻസി ആസ്ത്മ ഇൻഹേലർ വീട്ടിൽ സൂക്ഷിക്കാനും പ്രതിസന്ധി രൂക്ഷമാകുകയും സ്പ്രേയോട് പ്രതികരിക്കാതിരിക്കുകയും ചെയ്താൽ അടുത്തുള്ള അത്യാഹിത കേന്ദ്രത്തിൽ പോകണമെന്നും ആരോഗ്യകാര്യ ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.