മദീന, ജീസാൻ മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ
text_fieldsജിദ്ദ: മദീന, ജീസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണന രംഗത്തും ഫോട്ടോഗ്രഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിന്റനൻസ് സ്ഥാപനങ്ങളിലും നിശ്ചിത അനുപാതത്തിൽ സ്വദേശിവത്കരണം ആവശ്യപ്പെടുന്നതാണ് പുതിയ നിയമം.
ആഭ്യന്തര മന്ത്രാലയം, മദീന, ജീസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ മാസം ഏഴു മുതൽ പ്രാബല്യത്തിലായി. മദീനയിലെ ഭക്ഷണപാനീയ കടകളിൽ 40 ശതമാനം ജീവനക്കാർ സൗദി പൗരന്മാരാവണം. റസ്റ്റാറന്റുകൾ, കാൻറീനുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് കടകൾ എന്നിവയിലാണ് നിയമം ബാധകം. ഐസ്ക്രീം പാർലറുകൾ, കഫേകൾ എന്നിവയിൽ സ്വദേശിവത്കരണം 50 ശതമാനമാണ്. ഭക്ഷണപാനീയ മൊത്തവിൽപന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം 50 ശതമാനമാക്കിയിട്ടുണ്ട്.
കേറ്ററിങ് സ്ഥാപനം, ഫാക്ടറികളിലും ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും പ്രവർത്തിക്കുന്ന കാൻറീനുകൾ, കഫറ്റീരിയകൾ, ഹോട്ടലുകളിലും അപ്പാർട്മെൻറുകളിലും വില്ലകളിലുമുള്ള റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയെ സ്വദേശിവത്കരണ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജീസാനിൽ വിൽപന ഔട്ട്ലറ്റുകളിൽ പരസ്യ സേവനം നൽകുന്ന ഏജൻസികളിലെ സ്വദേശിവത്കരണം 70 ശതമാനമാണ്. ഫോട്ടോഗ്രഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 70 ശതമാനവും സ്വദേശികളായിരിക്കണം. പാസഞ്ചർ ബോട്ടുകളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണിയിലുമുള്ള നിരവധി തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
നോട്ടിക്കൽ സ്റ്റുവാർഡ്, ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക്, അസിസ്റ്റന്റ് അക്കൗണ്ട്സ് ക്ലർക്ക്, ഫിനാൻഷ്യൽ ക്ലർക്ക്, മാർക്കറ്റിങ് സ്പെഷലിസ്റ്റ്, സെയിൽസ്മാൻ, കാഷ്യർ, പർച്ചേസിങ് റപ്രസന്റേറ്റിവ്, പർച്ചേസിങ് സ്പെഷലിസ്റ്റ് എന്നിവ സ്വദേശികൾക്കായി പരിമിതപ്പെടുത്തിയ തൊഴിലുകളാണ്. ക്ലീനിങ്, കയറ്റിറക്ക് ജോലികൾ സ്വദേശിവത്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അത്തരം തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 20 ശതമാനത്തിൽ കവിയരുത്.
സ്വദേശികളെ ജോലികളിൽ നിയമിക്കാൻ മുന്നോട്ടുവരുന്ന സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനും പിന്തുണക്കാനും വിവിധ പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
റിക്രൂട്ട്മെന്റ് എളുപ്പമാക്കുക, അനുയോജ്യമായ തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുക, ആവശ്യമായ പരിശീലനം നൽകുക, സ്വദേശിവത്കരണ പദ്ധതികളിൽനിന്ന് പ്രയോജനം നേടുന്നതിന് മുൻഗണന നൽകുക, തൊഴിൽരഹിത നിധിയുടെ (ഹദഫ്) പിന്തുണ ഉറപ്പാക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ് പാക്കേജ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓരോ മേഖലക്കും ആവശ്യമായ തൊഴിലുകൾ, ശതമാനം എന്നിവ വിശദമാക്കുന്ന ഗൈഡും പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.