അന്തരീക്ഷത്തിലെ യോഗാഭ്യാസം; ഏരിയൽ യോഗപരിശീലനം സൗദിയിൽ
text_fieldsദമ്മാം: ഭൂമിയിൽനിന്ന് ഏതാനും അടി ഉയരത്തിൽ പറന്നുനിന്ന് സിൽക് ഊഞ്ഞാലുകളിൽ തൂങ്ങി ചെയ്യുന്ന ഏരിയൽ യോഗപരിശീലനങ്ങൾക്ക് സൗദിയിലും പ്രചാരം. ഏരിയൽ ഫിറ്റ്നസ് ഫ്രീലാൻസറും യോഗാധ്യാപികയുമായ സാറ ഫർഹൂദിയുടെ നേതൃത്വത്തിലാണ് സൗദിയിൽ ഏരിയൽ യോഗപരിശീലനം പ്രചരിക്കുന്നത്. പാരിസിൽ വൈദ്യപഠനം നടത്തുന്ന സമയത്താണ് സാറ ഫർഹൂദി യോഗ പരിചയപ്പെടുന്നത്. ഏരിയൽ യോഗപരിശീലകനായ റോ അൽസഹാഫിൽ നിന്നാണ് ഏരിയൽ യോഗ പരിശീലിച്ചത്.
വ്യത്യസ്തമായ ഒരു വ്യായാമമുറയെന്ന തരത്തിൽ തുടങ്ങിയ യോഗ പിന്നീട് സാറ ഫർഹൂദിയുടെ ജീവിതത്തിെൻറ ഭാഗമായി മാറുകയായിരുന്നു. ഏരിയൽ പരിശീലനങ്ങൾ കൂട്ടുകാരികൾക്കുകൂടി പകർന്നുകൊടുക്കാനുള്ള ശ്രമത്തിലൂടെ ഇത് ജനകീയമാക്കാനും ഇവർക്ക് കഴിഞ്ഞു. 2016 മുതൽ ഒരു ഫ്രീലാൻസ് ഇൻസ്ട്രക്ടറായി മാറിയ സാറ റിയാദിൽ ഉടനീളമുള്ള സ്റ്റുഡിയോകളിൽ ഏരിയൽ ഫിറ്റ്നസ് ക്ലാസുകൾ എടുത്തുതുടങ്ങി.
തോളിലോ നട്ടെല്ലിലോ തലയിലോ അധിക ആയാസം നൽകാതെ കൂടുതൽ ബുദ്ധിമുട്ടുള്ള പോസുകൾ ചെയ്യാൻ പാകത്തിൽ വഴക്കവും ശക്തിയും വർധിപ്പിക്കാൻ സഹായിക്കുന്ന തരത്തിലുള്ള പട്ടുതുണിയൂഞ്ഞാലുകളാണ് ഏരിയൽ പരിശീലനത്തിന് സഹായിക്കുന്നത്.'വിഷൻ 2030'ന്റെ ഭാഗമായി പാർക്കുകളും കമ്യൂണിറ്റി സെന്ററുകളും കൂടുതൽ സ്റ്റുഡിയോകളും തുറക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് യോഗ പരിശീലനം എത്തിക്കാൻ കഴിയുമെന്നാണ് സാറ കരുതുന്നത്.
താനാണ് തുടങ്ങിവെച്ചതെങ്കിലും സൗദി അറേബ്യയിൽ ഈ രംഗത്ത് ഇന്ന് 508 സർട്ടിഫൈഡ് ഇൻസ്ട്രക്ടർമാരുണ്ടെന്നും അവർ പറഞ്ഞു. ഏരിയൽ യോഗ ഒരു ജല കായികവിനോദം പോലെയാണ്. വഴങ്ങാത്തതോ പരുക്കുള്ളതോ ആയ കാൽമുട്ടുകളുള്ളവർക്കും ഡിസ്കിൽ ദുർബലത ഉള്ളവർക്കും ഇത് നല്ലതാണ്. ഒരു തരത്തിലുള്ള കായിക വിനോദവും ചെയ്യാൻ കഴിയാത്ത ആളുകൾക്ക് ഇത് സാധിക്കുമെന്നും സാറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.