പ്രതിഭ സാംസ്കാരികവേദി കുടുംബസംഗമം
text_fieldsനജ്റാൻ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രതിഭ സാംസ്കാരിക വേദി നജ്റാൻ കുടുംബസംഗമം സംഘടിപ്പിച്ചു. മറീന റിസോർട്ടിൽ നടന്ന സംഗമം രക്ഷാധികാരി ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീവന്റെ അധ്യക്ഷതയിൽ ആരംഭിച്ച ആഘോഷപരിപാടിയിൽ ജോ. റിലീഫ് കൺവീനർ ഷൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ സാഹചര്യത്തിൽ പ്രവാസത്തിൽ ആരോഗ്യത്തിന് നൽകേണ്ട പ്രാധാന്യവും, കൂടിച്ചേരലുകളും സൗഹൃദങ്ങൾ പുതുക്കലും സംവാദങ്ങളും മാനസിക സംഘർഷങ്ങൾ കുറക്കാൻ അത്യാവശ്യമാണെന്നുകൂടി അദ്ദേഹം ഓർമിപ്പിച്ചു. ജനറൽ സെക്രട്ടറി ആദർശ് സ്വാഗതം പറഞ്ഞു.
ജീവ കാരുണ്യ വിഭാഗം കൺവീനറും നജ്റാനിലെ പ്രവാസി സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായ അനിൽ രാമചന്ദ്രനെയും നജ്റാനിലെ കവിയും കഥാകൃത്തുമായ പ്രേമരാജ് കണ്ണൂരിനെയും ആദരിച്ചു. അനിൽ രാമചന്ദ്രന് മുതിർന്ന അംഗങ്ങളായ വേണു, സുകുമാരൻ, നടേശൻ എന്നിവരും പ്രേമരാജ് കണ്ണൂരിന് കൃഷ്ണൻ, വിനോദ്, ഹ്യൂബർട്ട് എന്നിവരും ചേർന്ന് ആദരം കൈമാറി. നജ്റാനിലെ പ്രശസ്ത ആർട്ടിസ്റ്റ് മണിലാൽ, അദ്ദേഹം വരച്ച അനിൽ രാമചന്ദ്രന്റെ ഛായാചിത്രം സദസ്സിൽ വെച്ച് അനിലിന് നൽകി. ജോ. സ്പോർട്സ് കൺവീനർ ബിജു മുഖ്യപ്രഭാഷണം നടത്തി. പ്രതിഭ അംഗങ്ങളും നജ്റാനിലെ കുടുംബങ്ങളും പ്രവാസിസമൂഹവും ഇതര സംഘടന പ്രതിനിധികളും പങ്കെടുത്ത കുടുംബസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കെ.എം.സി.സിയെ പ്രതിനിധാനംചെയ്ത് സലീം, ഒ.ഐ.സി.സി പ്രതിനിധി തുളസി, ഐ.സി.എഫ് പ്രതിനിധി ഉസ്താദ് മൻഷാദ് ലത്തീഫി, നജ്റാൻ മലയാളി അസോസിയേഷൻ കൂട്ടായ്മ പ്രതിനിധി ഷൈജു മാങ്ങാടൻ, സനബൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. അനോജ് സാർ, മലയാളം മിഷൻ എഴുത്തോല പഠനകേന്ദ്രം പ്രിൻസിപ്പൽ നെൽസൺ മാഷ്, വി.എഫ്.എസ് പ്രതിനിധി കരീം, പ്രതിഭ കുടുംബവേദി കൺവീനർ ഷിജിൻ, വനിത പ്രതിനിധി വിനീത, പ്രതിഭ സ്പോർട്സ് ക്ലബ് പ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിച്ചു. എഴുത്തോല പഠനകേന്ദ്രത്തിലെ വിദ്യാർഥികളുടെ ദേശീയഗാനത്തോടെ കലാ പരിപാടികൾ ആരംഭിച്ചു. കുട്ടികളുടെ പാട്ട്, ഡാൻസ് എന്നിവ സദസ്സിന് ഹരം പകർന്നു. പ്രതിഭ കുടുംബവേദിയിലെ ‘നിലാനക്ഷത്ര’ ഗ്രൂപ്പിന്റെ മധു, മാത്യു, ശ്യാംലാൽ, രമ്യമോൾ, വിനീത, ജിനു എന്നിവർ ചേർന്ന് ആലപിച്ച ഗാനങ്ങൾ നജ്റാനിലെ മലയാളി സമൂഹത്തിന് പുത്തൻ അനുഭവമായിരുന്നു. മധു, പ്രേമരാജ് കണ്ണൂരിന്റെ അമ്മ എന്ന കവിതയും ആലപിച്ചു.
കലാഭവൻ അമൽജിത്ത് കാഴ്ചവെച്ച വൺ മാൻ ഷോ എന്ന പരിപാടിയിൽ മലയാള സിനിമയിലെ പ്രശസ്ത നടീനടന്മാരുടെ ശബ്ദാനുകരണം വേറിട്ടൊരനുഭവമായിരുന്നു. എഴുത്തോല പഠന കേന്ദ്രം പ്രിൻസിപ്പൽ നെൽസൻ മാഷ് മലയാളം മിഷന്റെ പ്രാധാന്യവും, റിപ്പബ്ലിക് ദിന സന്ദേശവും കൈമാറി. കുടുംബസംഗമത്തിൽ പങ്കെടുത്ത കുടുംബങ്ങളിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്കി ഫാമിലിയായി ഷിബു തോമസ്, ലിൻസി ദമ്പതികളെ തെരഞ്ഞെടുത്തു. വിജയിച്ച ലക്കി ഫാമിലിക്കു മണി, ഉണ്ണി, ബിജു എന്നിവർ ചേർന്ന് സമ്മാനം കൈമാറി. കലാപരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രതിഭ സാംസ്കാരിക വേദി ഒരുക്കിയ മെഡലുകൾ കൈമാറുകയും ചെയ്തു. നജ്റാനിലെ മുഴുവൻ പ്രവാസി സമൂഹത്തോടും പ്രതിഭ സാംസ്കാരിക വിഭാഗം കൺവീനർ ശ്രീരാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.