പ്രവാസി പ്രക്ഷോഭ റാലി വിജയിപ്പിക്കും -പ്രവാസി ജിദ്ദ
text_fieldsജിദ്ദ: പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ഈ മാസം 13 വെള്ളിയാഴ്ച വെൽഫെയർ പാർട്ടി പോഷക ഘടകമായ പ്രവാസി വെൽഫെയർ ഫോറവും വിവിധ രാജ്യങ്ങളിലെ നിരവധി പ്രവാസി ഘടകങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭ വെർച്വൽ റാലി വിജയിപ്പിക്കാൻ പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൻ പ്രോവിൻസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
കോവിഡ് കാലത്ത് ഏറെ പ്രയാസം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതതർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായ പാക്കേജിൽ പ്രവാസികളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ആഗസ്റ്റ് 13 വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് നടക്കും.
നിരവധി ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് വിദേശങ്ങളിൽ മരണപ്പെട്ടത്. ഇവരുടെ ആശ്രിതർ വലിയ പ്രയാസത്തിലാണ്. ആശ്രിത ധനസഹായത്തിന് മാതാപിതാക്കൾ രണ്ടു പേരും മരണപ്പെടണമെന്ന നിബന്ധന ഒഴിവാക്കി മാതാപിതാക്കളിൽ ഒരാൾ മരണപ്പെട്ടാലും ആശ്രിത സഹായം നൽകണം. ഇതിൽ പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണം. വിദേശങ്ങളിലേക്ക് തിരിച്ചു വരാൻ കഴിയാതെ നിരവധി പേർ പ്രയാസപ്പെടുകയാണ്. വിമാനഗതാഗതം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ ശക്തിപ്പെടുത്തണം. വിദേശങ്ങളിൽ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് വേണ്ടി എംബസികൾ പ്രവാസികളിൽ നിന്നും സ്വരൂപിച്ച കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണം.
ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്ക് വേണ്ടി കേരള സർക്കാർ പുനരധിവാസ പദ്ധതി നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി പ്രക്ഷോഭം ഉയർത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ 10 സ്റ്റേജുകളിൽ നടക്കുന്ന പരിപാടി യൂട്യൂബിലൂടെയാണ് പ്രക്ഷേപണം ചെയ്യുക. വെസ്റ്റേൻ പ്രോവിൻസിൽ നിന്നും പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് പ്രവാസി സാംസ്കാരികവേദി തീരുമാനിച്ചു. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.എം കരീം, സി.എച്ച് ബഷീർ, ഓവുങ്ങൽ മുഹമ്മദലി, ബഷീർ ചുള്ളിയൻ, അജ്മൽ ഗഫൂർ, ഇസ്മയിൽ മാനു, സഫീർ മക്ക, സിറാജ് എറണാകുളം, സുഹറ ബഷീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും സെക്രട്ടറി ഫിദ അജ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.