പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsജിദ്ദ: പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് വെസ്റ്റേൺ റീജ്യൻ കമ്മിറ്റി സംഘടിപ്പിച്ച അബീർ എക്സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് ജിദ്ദയിൽ തുടക്കം. ജിദ്ദയിലെ കായിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) പ്രസിഡൻറ് ബേബി നീലാമ്പ്ര ടൂർണമെൻറ് കിക്കോഫ് ചെയ്തു.
ആവേശം നിറഞ്ഞ അഞ്ച് മത്സരങ്ങളാണ് ആദ്യ ദിനത്തിൽ നടന്നത്. വെറ്ററൻസ് വിഭാഗം മത്സരത്തിൽ സമാ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ് എഫ്.സി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് സ്പോർട്ടിങ് പാരൻറ്സ് എഫ്.സിയെ പരാജയപ്പെടുത്തി. മാൻ ഓഫ് ദ മാച്ച് ആയി സമാ യുനൈറ്റഡിലെ ഹാഷിം തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ അബീർ ബ്ലൂസ്റ്റാർ സലാമത്തക് എഫ്.സി ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ആദാബ് ബിരിയാണി ഹൗസ് എ.സി.സി ബി ടീമിനെ പരാജയപ്പെടുത്തി. ബ്ലൂസ്റ്റാർ എഫ്.സിയിലെ സുധീഷ് മാൻ ഓഫ് ദ മാച്ച് ആയി.
മൂന്നാം മത്സരത്തിൽ അബീർ ആൻഡ് ഡെക്സോ പാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സിനെ തോൽപിച്ചു. ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജസീർ തറയിലിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. നാലാമത് നടന്ന ജിദ്ദ ക്ലാസിക്കോ മത്സരത്തിൽ ചാംസ് സബിൻ എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് റിയൽ കേരള എഫ്.സിയെ പരാജയപ്പെടുത്തി.സബിൻ എഫ്.സിയുടെ സഹീർ ആയിരുന്നു മാൻ ഓഫ് ദ മാച്ച്.
അവസാന മത്സരത്തിൽ വിവിധ ഫുട്ബാൾ അക്കാദമികളിൽ നിന്നും പരിശീലനം നേടിയ താരങ്ങളടങ്ങിയ അജിക്കോ ഇന്റീരിയർ ബി.സിസി എഫ്.സി, ജിദ്ദയിലെ അതികായരായ അറബ് ഡ്രീംസ് എ.സി.സി എഫ്.സി എ യോട് പൊരുതി കീഴടങ്ങി. എ.സി.സി എഫ്.സിയുടെ സഹദ് മാൻ ഓഫ് ദ മാച്ച് ആയി. ഡിസംബർ 20 വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.