പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി
text_fieldsറിയാദ്: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന എസ്.ബി ഗ്രൂപ് പ്രവാസി ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ തുടക്കമായി. റിയാദ് ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് പ്രവാസി വെൽഫെയറാണ് സെവൻസ് ഫുട്ബാൾ മത്സരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നത്.
റോയൽ ഫോക്കസ് ലൈനും റിയാദ് ബ്ലാസ്റ്റേഴ്സ് എഫ്.സിയും തമ്മിൽ നടന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഫോക്കസ് ലൈൻ വിജയിച്ചു. റോയലിന്റെ സുധീഷ് ചുട്ടി ആപ് സെയിൽസ് മാനേജർ അംജദ് ശരീഫിൽ നിന്നും മാൻ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങി. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ സോക്കർ, റെഡ് സ്റ്റാർ എഫ്.സിയെ പരാജയപ്പെടുത്തി.
കളിയിലെ കേമനായ യൂത്ത് ഇന്ത്യ താരം നുഫൈലിനു എസ്.ബി ഗ്രൂപ് പ്രതിനിധികളായ ഹിഷാം, ജുനൈദ്, അഫ്സൽ എന്നിവർ ആദരഫലകം സമ്മാനിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിയൽ കേരള എഫ്.സി, മൻസൂർ റബീഅയെ പുറത്താക്കി ക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടു ഗോൾ സ്കോർ ചെയ്ത നജീബിന് മികച്ച കളിക്കാരനുള്ള ബഹുമതി ഫഹദ് നീലാഞ്ചേരി നൽകി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈഗിൾ എഫ്.സിയെ തകർത്ത് ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടും ക്വാർട്ടറിൽ പ്രവേശിച്ചു.
വാഴക്കാടിന്റെ ശഹദ് മാൻ ഓഫ് ദ മാച്ച് അവാർഡ് നൗഷാദ് വേങ്ങരയിൽനിന്ന് ഏറ്റുവാങ്ങി. ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി, കനിവ് റിയാദ് എഫ്.സി, അൽ ശിഫ എഫ്.സി, റെയിൻബോ എഫ്.സി, അസീസിയ സോക്കർ, സുലൈ എഫ്.സി, ലാന്റെൺ എഫ്.സി, മാർക് എഫ്.സി എന്നീ ടീമുകളാണ് രണ്ടാം പ്രീ ക്വാർട്ടറിൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.