രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു -പ്രേമ ജി. പിഷാരടി
text_fieldsഅൽഖോബാർ: 'പുതിയ ഇന്ത്യ ജനാധിപത്യത്തിൽ നിന്നും സമഗ്രാധിപത്യത്തിലേക്കോ' എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരിക വേദി അൽഖോബാർ പാലക്കാട് തൃശൂർ, മധ്യമേഖല, തെക്കൻ മേഖല സംയുക്ത സമ്മേളനം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ഭരണാധികാരികൾ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും നയിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് അവർ പറഞ്ഞു.
ഭക്ഷണത്തിന്‍റെ പേരിലും വസ്ത്രത്തിന്‍റെ പേരിലും രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് ഭരണാധികാരികൾ മുന്നോട്ടുപോകുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ ഭീകരവാദികളാക്കുന്നു. നേരായ വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന വാർത്താമാധ്യമങ്ങളെ പൂട്ടുകയും ചെയ്യുന്നു.
നാനാത്വത്തിൽ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം തിരിച്ചുപിടിക്കാൻ എല്ലാവരും ഐക്യപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഹിംസയുടെ രാഷ്ട്രീയം, ഹിജാബ് നിരോധനം എന്നീ വിഷയങ്ങളിൽ സന്തോഷ് കുമാർ, മുഹമ്മദ് ഹാരിസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പ്രസിഡൻറ് പർവേസ് സംസാരിച്ചു. ഷബീർ കേച്ചേരി, അബ്ദുറഊഫ് അണ്ടത്തോട് എന്നിവർ ഗാനം ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ത്വാഹ ഹംസ അധ്യക്ഷത വഹിച്ചു.
അബ്ദുൽ കരീം ആലുവ സ്വാഗതം പറഞ്ഞു. ഷനോജ് തിരുവനന്തപുരം അവതാരകനായിരുന്നു. സിയാദ്, ഷിബിലി, സദ്റുദ്ദീൻ, സലീം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.