പുതിയ പ്രതീക്ഷകൾ പങ്കുവെച്ച് പ്രവാസി സ്വാതന്ത്ര്യദിനാഘോഷം
text_fieldsറിയാദ്: ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് ഈ ദിനം ഓർമിപ്പിക്കുന്നതെന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബത്ഹ ഡി പാലസ് ഹാളിൽ നടന്ന ചർച്ച സമ്മേളനം പ്രസിഡൻറ് ഖലീൽ പാലോട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിവിൽ സമൂഹത്തിന്റെ ഭരണവിരുദ്ധ നിലപാടുകൾ പൂർണാർഥത്തിൽ പ്രതിഫലിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ലെങ്കിലും ‘മോദി ഗാരണ്ടി’ക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് പ്രതിപക്ഷ മുന്നേറ്റമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശേരി വിഷയാവതരണത്തിൽ പറഞ്ഞു.
ഇന്ത്യൻ സമൂഹം ജനാധിപത്യത്തിന്റെ കരുത്ത് കാണിച്ചു തുടങ്ങിയെങ്കിലും കേരളം അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഫലമായി ഫാഷിസത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണോ എന്ന ആശങ്ക ഉയരുകയാണെന്ന് മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക് പറഞ്ഞു. രണ്ട് സമുദായങ്ങളെ ശത്രുക്കളാക്കാൻ നടക്കുന്ന ഹീനഗൂഢ ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സി.സി പ്രതിനിധി ഷാഫി തുവ്വൂർ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാവണമെന്നും സാമുദായിക വിഭജനങ്ങൾ ചെറുക്കണമെന്നും ആവശ്യപ്പെട്ടു. ‘കാസ’ പോലുള്ള ക്ഷുദ്രശക്തികൾ നടത്തുന്ന കുപ്രചാരണത്തെ തടയാൻ രംഗത്ത് വരണമെന്ന് മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂരും മനുഷ്യാവകാശങ്ങളും വഖഫ് നിയമങ്ങളും പരിരക്ഷിക്കാൻ ജനാധിപത്യ സംവിധാനങ്ങൾ മുന്നോട്ടുവരണമെന്ന് പ്രവാസി ഏരിയ കമ്മിറ്റിയംഗം അഡ്വ. ഷാനവാസും ആവശ്യപ്പെട്ടു.
ഈസ്റ്റ് ഇന്ത്യ കമ്പനി വഴി പണ്ട് ബ്രിട്ടൻ നടത്തിയ പോലെ പുതിയ കുത്തകക്കമ്പനികൾ വഴി ഇന്ത്യക്ക് മേൽ അധിനിവേശ ശ്രമങ്ങൾ തുടരുകയാണെന്ന് കണക്കുകൾ ഉദ്ധരിച്ച് കേന്ദ്രകമ്മിറ്റി അംഗം സലീം മാഹി പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.പി. ഷഹ്ദാൻ സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.