ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ പ്രവർത്തകർ
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ലഹരിക്കെതിരായ ബോധവത്കരണ പരിപാടിയിൽ ഡോ. എസ്. അബ്ദുൽ അസീസ് സംസാരിക്കുന്നു
റിയാദ്: സമൂഹത്തിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പ്രചാരണ പരിപാടികളും ബോധവത്കരണവും സൗദി സ്ഥാപകദിനത്തിൽ പ്രവാസലോകത്തുനിന്ന് തന്നെ തുടങ്ങി പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ.
‘ലഹരി വ്യാപനം തടയുന്നതിൽ പ്രവാസി കുടുംബങ്ങൾക്കുള്ള പങ്ക്’ എന്ന വിഷയം മുഖ്യ ചർച്ചയാക്കി നടത്തിയ സെമിനാറിൽ സംഘടനയുടെ അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. പ്രസിഡന്റ് സലിം വാലിലപ്പുഴ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാർക്കോസ് ആമുഖ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ നൗഫൽ പാലക്കാടൻ ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ വിഷയാവതരണം നടത്തി.
സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനും അന്താരാഷ്ട്ര ലഹരി വിരുദ്ധ പരിപാടി ‘റിസ’യുടെ കൺവീനറുമായ ഡോ. എസ്. അബ്ദുൽ അസീസ് വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിൽ പ്രവാസി കുടുംബങ്ങൾക്കും സംഘടനകൾക്കും നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുട്ടികൾ മാതാപിതാക്കളിൽനിന്നും ദൂരത്തിലായിരിക്കുകയോ, വ്യത്യസ്തമായ സാംസ്കാരിക സാഹചര്യത്തിലേക്ക് കടക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, അവരുമായി നിരന്തര ആശയവിനിമയം നടത്തുക, അവരുടെ സുഹൃത്തുക്കളെ അറിയുക, കൂട്ടാളികളുടെ സമ്മർദം, സോഷ്യൽ മീഡിയയുടെ സ്വാധീനം തുടങ്ങിയവ നിരന്തരം നിരീക്ഷിക്കുക, ലഹരിവസ്തുക്കളുടെ അപകടങ്ങളെക്കുറിച്ച് ശരിയായ മാർഗനിർദേശം നൽകുക, സാമ്പത്തിക ഉത്തരവാദിത്വം പഠിപ്പിക്കുകയും അധികമായി പണം അയക്കുന്നത് ഒഴിവാക്കുകയും ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കുട്ടികൾ ബന്ധുവിന്റെ അല്ലെങ്കിൽ മറ്റൊരു കുടുംബത്തിന്റെ അഥിതിയായോ താമസിക്കേണ്ട അവസ്ഥയിൽ ആണെങ്കിൽ വളരെ സൂക്ഷ്മതയോടെ ആതിഥേയരെ തെരഞ്ഞെടുക്കുക തുടങ്ങിയവയൊക്കെ കുട്ടികളെ ലഹരിയുടെ കെണിയിൽപ്പെടാതെ സംരക്ഷിക്കാൻ ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ലഹരിയേക്കാൾ വലിയ വിപത്താണ് നാട്ടിലെ കോളജ് കാമ്പസുകളിൽ അടക്കമുള്ള മേഖലകളിൽ കണ്ടുവരുന്ന വർഗീയത എന്ന് തുടർന്ന് പ്രഭാഷണം നടത്തിയ സാമൂഹിക പ്രവർത്തകൻ അഡ്വ. എൽ.കെ. അജിത് അഭിപ്രായപ്പെട്ടു. മൃഗീയമായ റാഗിങ്ങ് ഉൾപ്പടെ ലഹരിക്കടിമപ്പെട്ടു യുവത്വം ചെയ്തുപോകുന്നു.
സ്നേഹ ലഹരിയിലൂടെ മാതാപിതാക്കൾ കുട്ടികളെ തങ്ങളുടെ കൂടെ ചേർത്തുനിർത്തണം. കുട്ടികളെ സ്നേഹം നൽകി മാതാപിതാക്കളുടെ സാനിധ്യം അവരുടെ മനസുകളിൽ എന്നും പതിപ്പിച്ചു ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ പ്രവാസികൾ പ്രയോജനപ്പെടുത്തുണ്ടോ’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് സംസാരിച്ചു. ദീർഘമായ പ്രവാസത്തിനുശേഷം നാട്ടിലേക്ക് പോകുന്ന പ്രവാസികൾ തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയാണോ പോകുന്നതെന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേരള സർക്കാറിന്റെ പ്രവാസി ക്ഷേമ നിധിയടക്കം നിരവധി വിഷയങ്ങൾ അദ്ദേഹം സംസാരിച്ചു. കേന്ദ്ര സർക്കാർ അടക്കമുള്ളവയുടെ ഒട്ടനവധി പദ്ധതികൾ പ്രവാസി സമൂഹം പ്രയോജനപ്പെടുത്തണം. ബോധവത്കരണത്തിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളായി കൂടുതൽ പ്രവാസികളെ സർക്കാർ ക്ഷേമപദ്ധതികളിൽ അംഗമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫോർക്ക് വൈസ് ചെയർമാൻ സൈഫ് കൂട്ടുങ്കൽ, സാമൂഹിക പ്രവർത്തകൻ സജിവ്, സുരേഷ് ശങ്കർ, നാസർ പൂവ്വാർ, കെ.ജെ. റഷീദ്, സഫീറലി തലാപ്പിൽ, തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ, പ്രെഡിൻ അലക്സ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികളായ ബിനു കെ. തോമസ്, ബഷീർ സാപ്റ്റ്കോ, യാസിർ അലി, ജലീൽ ആലപ്പുഴ, ശ്യാം വിളക്കുപാറ, റഷീദ് കായംകുളം, ജിബിൻ സമദ് കൊച്ചി, ശരീഖ് തൈക്കണ്ടി, നൗഷാദ് യാഖൂബ്, രാധൻ പാലാത്ത്, ഷമീർ കല്ലിങ്കൽ, ബിജിത് കേശവൻ, മുജീബ് കായംകുളം, സുരേന്ദ്രബാബു, വേണുഗോപാൽ കൊക്കോകോള, ബിനോയ് കൊട്ടാരക്കര, മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.