‘പ്രവാസി പരിചയ്’ മേള സമാപനം ഇന്ന്; ഇന്ത്യൻ എംബസിയിൽ ശ്രദ്ധേയമായി കേരളോത്സവം
text_fieldsറിയാദ്: പ്രവാസി പരിചയ് വാരാഘോഷത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി ആസ്ഥാനത്ത് അരങ്ങേറിയ സംസ്ഥാനതല ആഘോഷങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട് കേരളോത്സവം. ഡൽഹിയും കേരളവും ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളുടെ കലാസാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. അംബാസഡർ തിരി തെളിച്ചുണർത്തിയ വേദിയിൽ വിവിധ നൃത്തനൃത്യങ്ങളും കഥകളിയും ഓട്ടൻതുള്ളലുമടക്കം തനത് കലാരൂപങ്ങൾ ഭാവപൂർണതയോടെയും വർണാഭമായും അവതരിപ്പിച്ചാണ് കേരളം കാണികളെ കൈയിലെടുത്തത്.
കസവ് സാരിയുടുത്തെത്തിയ 15 കലാകാരികൾ നൃത്തച്ചുവടുകൾ വെച്ചപ്പോൾ സദസ്സിൽനിന്ന് നിറഞ്ഞ കൈയടി ഉയർന്നു. എംബസി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിലുള്ള മറ്റു സംസ്ഥാനക്കാർക്ക് പാട്ടിലെ വരികൾ പിടികിട്ടിയില്ലെങ്കിലും പ്രകടനത്തിലൂടെ ഇതിവൃത്തം വായിച്ചെടുത്തു. ദേവിക നൃത്ത കലാക്ഷേത്രത്തിലെ വിദ്യാർഥികളായ അമ്മു എസ്. പ്രസാദ്, രേണുക ആർ. പിള്ള, രാജി ഉപനേഷ്, ജിഞ്ചു അനീഷ് എന്നിവർ അവതരിപ്പിച്ച കഥകളി സദസ്സിന് നവ്യമായ അനുഭൂതി പകർന്നു.
ചിലങ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ സുമിയ സുജിത്, കലാനി എൻ. ലാൽ, ജോവാന ജെറോം, ജയ്മി ജെറോം, ശ്രീജ സനു, റീന കൃഷ്ണകുമാർ, ശിവാത്മിക ശ്രീകുമാർ, ആൻവിൻ ലിനീഷ്, ആര്യ അമിത്, ശ്രിയ കിരൺ, എമിലിൻ പ്രസ്റ്റീജ്, തരുണ്യ, മേഘ്ന ശ്രീകാന്ത്, ആൻ മേരി വിനോദ് എന്നിവർ അവതരിപ്പിച്ച കേരള ഫ്യൂഷൻ കോമ്പോ ആസ്വാദകർക്ക് വേറിട്ട അനുഭവമായി.
നവ്യ എന്റർടെയ്ൻമെന്റ് ആർട്സ് സ്കൂളിലെ വിദ്യാർഥികളുടെ ഒമ്പതംഗ സംഘം സിനിമാറ്റിക് ഡാൻസുമായെത്തി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ദേവിക നൃത്തവിദ്യാലയത്തിലെ അഞ്ജലി കൃഷ്ണ ഓട്ടൻതുള്ളലിലൂടെയാണ് കേരളത്തെ പരിചയപ്പെടുത്തിയത്. രാജസ്ഥാനി ആസ്വാദകർക്ക് അവരുടെ തനത് നാടോടിനൃത്തം സമ്മാനിച്ചും മലയാളികളുടെ ദേവിക നൃത്തകലാക്ഷേത്രത്തിലെ അനാമിക സുരേഷ് ഉൾപ്പടെയുള്ളവർ കൈയടി നേടി.
പരിസ്ഥിതി വിഷയത്തിലൂന്നിയ ജ്ഞാനപീഠ പുരസ്കാര ജേതാവ് ഒ.എൻ.വി. കുറുപ്പിന്റെ കവിതയായ ‘ഭൂമിക്കൊരു ചരമഗീതം’ ഇതിവൃത്തമാക്കി ദുർഗ മധു അവതരിപ്പിച്ച കഥാപ്രസംഗം കാലികപ്രസക്തമായിരുന്നു. മലയാളത്തിലാണ് അവതരിപ്പിച്ചതെങ്കിലും ഇംഗ്ലീഷ് ആമുഖത്തിൽ ഉള്ളടക്കം വിശദീകരിച്ചാണ് ദുർഗ കഥാപ്രസംഗം തുടങ്ങിയത്. വിഷയത്തിന്റെ പ്രസക്തി മനസ്സിലാക്കി സദസ്സ് കണ്ണും കാതും കൂർപ്പിച്ചാണ് ശ്രവിച്ചത്. സംഘാടകസമിതി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, സലിം മാഹി, ദീപക് സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേരളോത്സവം അണിയിച്ചൊരുക്കിയത്. ഒക്ടോബർ 31ന് ആരംഭിച്ച പ്രവാസി പരിചയ് വാരാഘോഷം ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.