അവധിക്ക് നാട്ടിലെത്തിയ പ്രവാസി വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്ന് വീണു മരിച്ചു
text_fieldsയാംബു: യാംബുവിൽ ദീർഘനാൾ പ്രവാസിയായിരുന്ന, നിലവിൽ ബഹ്‌റൈനിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശി അവധിക്ക് നാട്ടിലെത്തി വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ. പാമ്പുരുത്തി മേലേപ്പാത്ത് അബ്ബ്ദുൽ ഹമീദ് (43) ആണ് ബഹ്‌റൈനിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ശനിയാഴ്ച അപകടത്തിൽ പെട്ടത്.
10 വർഷം യാംബുവിൽ പ്രവാസിയായിരുന്ന അബ്ദുൽ ഹമീദ് ഒന്നര വർഷം മുമ്പാണ് ബഹ്‌റൈനിലേക്ക് ജോലി മാറിപ്പോയത്. ബഹ്റൈനിൽ ബിസിനസുമായി കഴിയുന്നതിനിടെയാണ് അവധിയിൽ ശനിയാഴ്ച നാട്ടിലേക്ക് പോയത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണതെന്ന് കരുതുന്ന ഇദ്ദേഹത്തിന്‍റെ മൃതദേഹം പഴയങ്ങാടി പുഴയിൽ പള്ളിക്കര കടവിന് സമീപം കണ്ടെത്തുകയായിരുന്നു.
മത്സ്യബന്ധനത്തിനായി സ്ഥാപിച്ച വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വലയെടുക്കാനെത്തിയ മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് മൃതദേഹം കണ്ടത്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു.
ട്രെയിൻ യാത്രക്കിടെ പുഴയിൽ വീണതാകാമെന്നാണ് പൊലീസ് നിഗമനമെന്ന് യാംബുവിലുള്ള സഹോദരൻ അബ്ദുൽ റാസിഖ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മയ്യിത്ത് തിങ്കളാഴ്ച പാമ്പുരുത്തി ജുമാ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
ഗൾഫിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെയുള്ള അബ്ദുൽ ഹമീദിന്‍റെ അപ്രതീക്ഷിത മരണം കുടുംബത്തിനും, യാംബുവിലും ബഹ്‌റൈനിലുമുള്ള പ്രവാസികൾക്കിടയിലും ഏറെ നോവുണർത്തി.
പരേതനായ മാട്ടുമ്മൽ മമ്മു ഹാജിയുടെ മകനാണ് അബ്ദുൽ ഹമീദ്. മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: റാബിയ. മക്കൾ: റസൽ, റയ, ശബ്ന, സൈബ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റാസിഖ് (യാംബു കണ്ണൂർ ജില്ല കെ.എം.സി.സി ട്രഷറർ), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, സകീന, റാബിയ, ഖദീജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.