ബുൾഡോസറുകൾ കൊണ്ട് സമരവീര്യത്തെ കെടുത്താനാവില്ല -പ്രവാസി ദമ്മാം
text_fieldsദമ്മാം: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് വംശഹത്യ അജണ്ടയുടെ പുതിയ ഘട്ടമാണെന്നും ഇത്തരം ദുഷ്ട പ്രവൃത്തികളിലൂടെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല പ്രക്ഷോഭകാരികളുടെ സമര ജീവിതമെന്നും പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
വെൽഫയർ പാർട്ടി ഫെഡറൽ കമ്മിറ്റി അംഗം ജവേദ് അഹമ്മദിന്റെ അലഹാബാദിലെ വീട് ഒറ്റ രാത്രി കൊണ്ട് ഇടിച്ചുനിരത്തിയത് നിയമവിരുദ്ധമായാണ്. അദ്ദേഹവും മകൾ അഫ്രീൻ ഫാത്തിമയും സംഘപരിവാരത്തിനെതിരെ ശബ്ദിച്ചു എന്നത് മാത്രമാണ് ഇതിന് കാരണം. കണ്ണിൽ പൊടിയിടാൻ വേണ്ടി ഒട്ടിച്ച നോട്ടീസ് പോലും വീട്ടുടമയുടെ പേരിലല്ല എന്നത് ഇതിന് തെളിവാണ്. ഇത്രയും നികൃഷ്ടമായ ക്രൂരത നടന്നിട്ടും പാരമ്പര്യരാഷ്ട്രീയ പാർട്ടികൾ മൗനത്തിലാണ്.
പുതിയ രാഷ്ട്രീയം ഉയർന്നുവരണം എന്ന് ഈ സന്ദർഭം കൂടുതൽ വ്യക്തമാക്കിത്തരുന്നു. ജനാധിപത്യത്തിന്റെ നാലാം തൂൺ ആവേണ്ട മാധ്യമങ്ങളും ഇക്കാര്യത്തിൽ നീതിക്കൊപ്പമല്ല. അതിനാൽ ഇനി ഇന്ത്യയിൽ തെരുവുകളിലെ പ്രക്ഷോഭം മാത്രമാണ് ഏക പോംവഴി. പൗരത്വ പ്രക്ഷോഭത്തെ ജനകീയമാക്കുന്നതിലും പാരമ്പര്യ പാർട്ടികളെക്കൊണ്ട് അത് ഏറ്റെടുപ്പിക്കുന്നതിലും മുൻകൈ എടുത്ത വെൽഫയർ പാർട്ടിയാണ് ഇപ്പോഴത്തെ സമരത്തിനു മുന്നിലും ഉള്ളത്.
വെൽഫയർ പാർട്ടി പ്രഖ്യാപിച്ച എയർപ്പോർട്ട് മാർച്ചിന് സംഗമത്തിൽ ഐക്യദാർഢ്യം അർപ്പിച്ചു. വരുംനാളുകളിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ പ്രവാസ ലോകത്തുനിന്നടക്കം ഉണ്ടാവണം എന്നും ആഹ്വാനം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് മുഹ്സിൻ ആറ്റാശ്ശേരി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ദമ്മാം ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, പ്രവാസി നാഷനൽ കമ്മിറ്റി അംഗം സമീഉല്ല എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റി സെക്രട്ടറി ഷക്കീർ ബിലാവിനകത്ത് സ്വാഗതവും റഊഫ് ചാവക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.