'ഭരണകൂട ഭീകരതയെ ചെറുക്കുക നീതിയുടെ ശബ്ദമാവുക' പ്രവാസി പ്രതിഷേധം
text_fieldsറിയാദ്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധച്ചവരെ വെടിവെച്ച് കൊല്ലുകയും അവരുടെ വീടുകൾ തകർക്കുകയും ചെയ്ത സാഹചര്യത്തിൽ 'ഭരണകൂട ഭീകരതയെ ചെറുക്കുക നീതിയുടെ ശബ്ദമാവുക' എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധിക്കുന്നവർക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്ന ഭരണകൂട ഭീകരതയാണ് രാജ്യത്ത് കണ്ടൂവരുന്നത്. അത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. അനീതിക്കെതിരെ ശബ്ദിച്ച വെൽഫയർ പാർട്ടി ദേശീയ ഫെഡറൽ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്റെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും സി.എ.എ/എൻ.ആർ.സി വിരുദ്ധ സമര പോരാട്ടത്തിന്റെ മുന്നണി പോരാളിയുമായ മകൾ അഫ്രീൻ ഫാത്തിമയുടെയും വീട് ഇടിച്ചു തകർത്തതും റാഞ്ചിയിൽ രണ്ട് യുവാക്കളെ വെടിവെച്ച് കൊന്നതും ഉൾപ്പെടെ ഭരണകൂടം ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത ക്രൂരതകൾ ചെയ്തു.
മനുഷ്യത്വ വിരുദ്ധമായാണ് മുന്നോട്ട് പോകുന്നത്. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ സമഗ്രാധിപത്യത്തിലേക്ക് പൂർണമായും മാറ്റപ്പെടുന്ന ഈ സാമൂഹിക സാഹചര്യം മാറ്റിപ്പണിയാൻ പൗരസമൂഹം ഒരുമിച്ച് പ്രതിഷേധിക്കേണ്ട അനിവാര്യ ഘട്ടങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംഗമത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി സ്റ്റേറ്റ് സെക്രട്ടറി സജീദ് ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, കെ.എം.സി.സി വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കരുവാരക്കുണ്ട്, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി റഷീദ് കൊളത്തറ, യൂത്ത് ഇന്ത്യ റിയാദ് ചാപ്റ്റർ പ്രസിഡന്റ് അഷ്ഫാഖ്, പ്രവാസി ആക്ടിങ് ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു. അഡ്വ. റെജി നന്ദി പറഞ്ഞു. എം.പി. ശാഹ്ദാൻ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.