പ്രവാസികൾക്ക് പ്രതിസന്ധികൾക്കിടയിലെ പിടിവള്ളി
text_fieldsറിയാദ്: പ്രഫഷൻ മാറ്റുന്ന സേവനം സൗദി തൊഴിൽ മന്ത്രാലയം പുനരാരംഭിക്കുന്നത് പ്രതിസന്ധിക്കിടയിലെ പിടിവള്ളിയാകും. ലക്ഷക്കണക്കിന് വിദേശി തൊഴിലാളികൾക്ക് ഗുണം ചെയ്യും. സാമ്പത്തിക മാന്ദ്യവും സ്വദേശിവത്കരണവും മൂലം അനുദിനം ജോലി നഷ്ടപ്പെടുന്നവർ നിരവധിയാണ്.
പകരം തൊഴിൽ ലഭിക്കാനുണ്ടെങ്കിലും ഇഖാമയിലെ ‘പ്രഫഷൻ’ വില്ലനായി മാറും. ഇഖാമയിൽ രേഖപ്പെടുത്തിയ പ്രഫഷനും ചെയ്യുന്ന ജോലിയും ഒന്നാവണം എന്നാണ് നിയമം. അവസരം കിട്ടിയാലും ഇക്കാരണത്താൽ ഉപയോഗപ്പെടുത്താൻ കഴിയാതെ വരും.
പ്രഫഷൻ മാറ്റുന്ന സേവനം തൊഴിൽ മന്ത്രാലയം കഴിഞ്ഞ വർഷമാണ് നിറുത്തിവെച്ചത്. അതോടെ വിസ തന്നെ റദ്ദ് ചെയ്ത് നാടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരായത് ആയിരങ്ങളാണ്.
വിദേശികൾ ആഹ്ലാദത്തിൽ
പുനരാരംഭിക്കാനുള്ള തീരുമാനം അതുകൊണ്ട് തന്നെ വിദേശികൾ ആഹ്ലാദപൂർവമാണ് വരവേൽക്കുന്നത്. ജോലിക്ക് അനുസൃതമായി ഇഖാമയിലെ തസ്തിക മാറ്റം വരുത്താൻ കഴിഞ്ഞാൽ അതുമൂലം രക്ഷപ്പെടുന്നത് ആയിരങ്ങളാണ്.
സ്വദേശിവത്കരണത്തിന് വിധേയമാകുന്ന തസ്തികകളിൽ നിന്ന് പുറത്താകുന്നവർക്ക് തങ്ങൾക്കിണങ്ങുന്നതും ലഭ്യവുമായ മറ്റ് തൊഴിലുകളിലേക്ക് എളുപ്പം മാറാൻ കഴിയും. മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറി അവിടെ ലഭ്യമായ തൊഴിലിന് അനുസരിച്ച് ഇഖാമയിൽ മാറ്റം വരുത്തി നിയമാനുസൃതം തന്നെ സൗദിയിൽ തുടരാനാവും.
ഒരേ സ്പോൺസർക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ അപ്പപ്പോൾ ഒഴിവുവരുന്ന തസ്തികകളിലേക്ക് മാറി ജോലി െചയ്യാനും യഥേഷ്ടം പ്രഫഷൻ മാറ്റം നടത്താനുമാകും.
മാറേണ്ടത് സ്ഥാപനത്തിന് അനുസരിച്ചുള്ള പ്രഫഷനിലേക്ക്
സ്പോൺസർക്ക് കീഴിലുള്ള തുണിക്കടയിൽ സ്വദേശിവത്കരണം മൂലം തൊഴിൽ നഷ്ടപ്പെട്ടാൽ അദ്ദേഹത്തിെൻറ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് മാറി ജോലി ചെയ്യാനുള്ള അനുവാദമുണ്ട്. എന്നാൽ ആ സ്ഥാപനത്തിെൻറ സ്വഭാവത്തിന് അനുസരിച്ചുള്ള തസ്തിക മാറ്റം ഇഖാമയിൽ വരുത്തണം. അല്ലെങ്കിൽ പിടിക്കപ്പെട്ടാൽ വൻ സാമ്പത്തിക പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷ നേരിടേണ്ടിവരും.
ഒാരോ സ്ഥാപനത്തിനും നിശ്ചിത പ്രഫഷനുകൾ
ഒാരോ തരം സ്ഥാപനത്തിനും നിശ്ചിത പ്രഫഷനുകൾ മന്ത്രാലയം അനുവദിച്ചുനൽകിയിട്ടുണ്ട്. ആ പ്രഫഷനുകളിലേ അതാത് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ സാധിക്കൂ. അതിന് അനുസൃതമായ പ്രഫഷൻ മാറ്റം ഇഖാമയിൽ വരുത്തിയിട്ടുവേണം ജോലി തുടങ്ങാൻ. മുഹറം ഒന്നുമുതൽ പ്രഫഷൻ മാറ്റം പുനരാരംഭിക്കുേമ്പാൾ അയവുവരുന്നത് വലിയ പ്രതിസന്ധിക്കാണ്.
കുടുംബങ്ങൾക്കും ആശ്വാസം
ലേബർ, ഡ്രൈവർ, സാദാ മരാമത്ത് പണികൾ തുടങ്ങിയ തസ്തികകൾ ഇഖാമയിൽ രേഖപ്പെടുത്തിയവർക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള സന്ദർശക വിസ ലഭിക്കില്ല. പ്രഫഷൻ മാറ്റം നേരത്തെ അനുവദിച്ചിരുന്നപ്പോൾ പലരും ഉയർന്ന പ്രഫഷനുകളിലേക്ക് മാറിയാണ് ആ അവസരം ഉപയോഗപ്പെടുത്തിയിരുന്നത്. നിറുത്തിവെച്ചപ്പോൾ കുടുംബത്തെ കൊണ്ടുവന്ന് കുറച്ചുദിവസമെങ്കിലും ഒപ്പം താമസിപ്പിക്കാനുള്ള ആഗ്രഹം പലർക്കും ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഇപ്പോൾ സന്ദർശക വിസയുടെ ഫീസ് കുറച്ചിട്ടും അത് ഉപയോഗിക്കാനാവാതെ വിഷമത്തിലായിരുന്നു പലരും. പ്രഫഷൻ മാറ്റാൻ അനുവാദം കിട്ടുന്നതോടെ അത്തരം ആഗ്രഹസഫലീകരണത്തിനും അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.