പ്രവാസി ഗായകൻ പ്രമോദ് മരിച്ചു
text_fieldsറിയാദ്: സൗദിയിലെ മലയാളി സമൂഹത്തിൽ സുപരിചിതനായ ഗായകൻ കണ്ണൂർ, താണ മാണിക്കക്കാവ് സ്വദേശി കിഴക്കയിൽ ഹൗസിൽ പ്രമോദ് (56) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടര മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11ന് കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിൽ പോയതായിരുന്നു. രണ്ടാഴ്ചക്ക് ശേഷക്ക് ശേഷം അസുഖമുണ്ടായി.
കുഴഞ്ഞുവീണതിനെ തുടർന്ന് മംഗലാപുരം കസ്തൂർബാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ശരീരത്തിെൻറ ഒരു വശം തളർന്നു. ഇതിനിടയിൽ വിസയുടെ കാലാവധി പുതുക്കുന്നതിന് വേണ്ടി ഒരു ബന്ധുവിെൻറ സഹായത്തോടെ ഒരു മാസം മുമ്പ് റിയാദിൽ വന്നിരുന്നു. മൂന്നുദിവസം ഇവിടെ താമസിച്ച് വിസ പുതുക്കിയ ശേഷം തിരിച്ചുപോയി. നാട്ടിലെത്തി കുറച്ചുദിവസത്തിന് ശേഷം വീണ്ടും അസുഖം മൂർഛിക്കുകയും കണ്ണൂരിലെ ഒരു ആശുപത്രിയിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ സംസ്കരിക്കും. 1994 മുതൽ റിയാദിലുണ്ടായിരുന്ന പ്രമോദ് മലയാളി സമൂഹത്തിെൻറ സാംസ്കാരിക വേദികളിലെല്ലാം നിറ സാന്നിദ്ധ്യമായിരുന്നു. ഗായകനെന്ന നിലയിൽ എല്ലാവർക്കും പരിചിതനായിരുന്നു. യേശുദാസിേൻറതുൾപ്പെടെ സ്വരമാധുരിയിൽ പാടാൻ കഴിവുണ്ടായിരുന്ന അദ്ദേഹത്തിന് ധാരാളം ശ്രോതാക്കളുമുണ്ടായിരുന്നു. റിയാദിലെ ആദ്യകാല സാംസ്കാരിക സംഘടനയായ സഹ്യകലാവേദിയിലൂടെയാണ് പ്രവാസലോകത്തെ അരങ്ങേറ്റം. കേളി കലാസാംസ്കാരിക വേദിയിലും തുടക്ക കാലത്ത് അംഗമായിരുന്നു.
റിയാദിലെ ഏതാണ്ടെല്ലാ വേദികളിലും നാട്ടിൽ പോകുന്നതിന് മുമ്പുവരെ ഇദ്ദേഹത്തിെൻറ ശബ്ദസാന്നിദ്ധ്യമുണ്ടാകാറുണ്ടായിരുന്നു. തുന്നൽ ജോലിക്കാരനായിരുന്ന പ്രമോദ് ദീർഘകാലം ബത്ഹയിലെ കേരള മാർക്കറ്റിൽ ടൈലറിങ് ഷോപ്പ് നടത്തിയിരുന്നു. ഒമ്പത് വർഷമുമ്പുണ്ടായ കേരള, യമനി മാർക്കറ്റുകളിലെ തീപിടിത്തം ആ ഉപജീവനമാർഗത്തെയും ചാരമാക്കിയിരുന്നു. പിന്നീട് ബത്ഹയിൽ തന്നെ ഒരു ഫ്ലവർ മില്ല് നടത്തിവരികയായിരുന്നു. പിതാവ് നാരായണൻ ഒന്നര മാസം മുമ്പ് മരണപ്പെട്ടു. എന്നാൽ അസുഖ ബാധിതനായിരുന്നതിനാൽ ഇക്കാര്യം പ്രമോദിനെ അറിയിച്ചിരുന്നില്ല. ഇപ്പോൾ അന്ത്യമടയുേമ്പാഴും പിതാവിെൻറ മരണവിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. മാതാവ്: ശാന്ത. ഭാര്യ: ഉഷ. മക്കൾ: ശ്രാവൺ പ്രമോദ് (പ്ലസ് ടു വിദ്യാർഥി), ശ്രയ പ്രമോദ് (ഒമ്പതാം ക്ലാസ് വിദ്യാർഥി). ബീന, ലീന, ദേവി, ശ്രീജ എന്നിവർ സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.