പ്രവാസി വെൽഫെയർ 10ാം വാർഷികം; ജുബൈലിൽ ‘സ്നേഹസംഗമം 2024’
text_fieldsജുബൈൽ: ജനസേവനത്തിന്റെയും സാമൂഹികനീതിയുടെയും അടിസ്ഥാന ശിലകളിലൂന്നിയ പ്രവർത്തനങ്ങളാണ് പ്രവാസി വെൽഫെയർ നടത്തുന്നതെന്ന് കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഷബീർ ചാത്തമംഗലം. സൗദിയിൽ പ്രവാസി വെൽഫെയറിന്റെ 10ാം വാർഷികത്തോടനുബന്ധിച്ച് ജുബൈൽ ഘടകം സംഘടിപ്പിച്ച ‘സ്നേഹസംഗമം 2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസേവന വിഭാഗം കൺവീനർമാരായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെയും സലിം ആലപ്പുഴയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പരിപാടിയോട് അനുബന്ധിച്ച് പ്രവാസി വെൽഫെയർ ജുബൈൽ വനിത കമ്മിറ്റിയെ പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സുനില സലിം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാസില റിയാസ് (പ്രസി.), സാറാ ഭായ് ടീച്ചർ (വൈസ് പ്രസി.), ഷബിന ജബീർ (സെക്ര.), ഉമൈമ നബീൽ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രവാസികൾ നേരിടുന്ന മാനസിക സമ്മർദങ്ങൾക്കിടയിലും ജീവിത വിജയവും സന്തോഷകരമായ ജീവിതവും എത്തിപ്പിടിക്കാനുള്ള മാർഗരേഖ ‘മറക്കാം സമ്മർദം, നിറക്കാം സന്തോഷം’ എന്ന തലക്കെട്ടിൽ നടത്തിയ സെഷനിലൂടെ ലൈഫ് കോച്ചും പേഴ്സനാലിറ്റി ട്രെയ്നറുമായ സഫയർ മുഹമ്മദ് സദസ്സിനോട് പങ്കുവെച്ചു.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തങ്ങൾ, ഗാനങ്ങൾ, അറബിക് ഡാൻസ്, ഒപ്പന എന്നിവ സദസ്സിനെ ഹരം കൊള്ളിച്ചു. ഐസ മർയം, കരീം മൂവാറ്റുപുഴ, സഹീർ കാലിക്കറ്റ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജുബൈൽ ഘടകം പ്രസിഡൻറ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു.
ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാള വിഭാഗം മേധാവി എൻ. സനിൽ കുമാർ, ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ സംസാരിച്ചു.
തനിമ സാംസ്കാരിക വേദി പ്രസിഡൻറ് ഡോ. ജൗഷീദ്, യൂത്ത് ഇന്ത്യ ജുബൈൽ ചാപ്റ്റർ പ്രസിഡൻറ് അബ്ദുല്ല സഈദ്, ബിജു പൂതക്കുളം എന്നിവർ അതിഥികളായിരുന്നു. അബ്ദുൽ കരീം ആലുവ അവതാരകനായിരുന്നു. പ്രോഗ്രാം കൺവീനർ റിയാസ് മണക്കാട് സ്വാഗതവും ജനറൽ സെക്രട്ടറി നിയാസ് നാരകത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.