ഉത്തര മലബാറിന്റെ ചിറകരിയരുത് -പ്രവാസി വെൽഫെയർ
text_fieldsറിയാദ്: ലക്ഷക്കണക്കിന് വരുന്ന ഉത്തര മലബാറിലെ പ്രവാസികളുടെ ആകാശ സ്വപ്‌നങ്ങൾ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് തട്ടിത്തെറിപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് പ്രവാസി വെൽഫെയർ റിയാദ് കണ്ണൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ചൂണ്ടിക്കാട്ടി. ‘കണ്ണൂർ എയർപോർട്ട്: ചിറകൊടിയുമോ കിനാവുകൾ’ എന്ന ശീർഷകത്തിൽ നടന്ന ചർച്ചാ സായാഹ്നം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡൻറ് സാദിഖ് ഉളിയിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
പ്രതിമാസം 240 അന്താരാഷ്ട്ര സർവിസുകൾ നടത്തുകയും കോവിഡാനന്തരം ഏറ്റവും കൂടുതൽ സർവിസ് നടത്തിയ ഇന്ത്യയിലെ 10 വിമാനത്താവളങ്ങളിൽ ഒന്നാവുകയും ചെയ്ത കണ്ണൂരിനെ അവഗണിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കക്ഷി രാഷ്ട്രീയം മറന്ന് സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ അദ്ദേഹം പ്രവാസികളോട് അഭ്യർഥിച്ചു.
കേരള സർക്കാരും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പ്, അല്ലെങ്കിൽ കോർപറേറ്റുകൾക്ക് വേണ്ടിയുള്ള ഒത്തുകളി ഇതിലേതെങ്കിലുമൊന്നാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് പറഞ്ഞു. യാത്രാ ദുരിതവും പ്രവാസി പുനരധിവാസവും പരിഹരിക്കുവാൻ സർവകക്ഷി സംഘം കേന്ദ്രം സന്ദർശിക്കണമെന്ന് ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി ആവശ്യപ്പെട്ടു. മലബാറിലെ കുട്ടികൾ ഇന്ന് തെരുവിലാണെന്നും മലബാർ എല്ലാ മേഖലയിലും അവഗണന അനുഭവിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ മജീദ്, മാഹി കമ്മിറ്റി പ്രസിഡൻറ് ആരിഫ്, തലശ്ശേരി വെൽഫയർ കമ്മിറ്റി സെക്രട്ടറി ടി.ടി. ഷമീർ എന്നിവർ സംസാരിച്ചു. ഓൺലൈൻ പരാതികളും ഒപ്പുശേഖരണവുമടക്കം വിവിധ പ്രക്ഷോഭപരിപാടികളുമായി പ്രവാസി വെൽഫെയർ മുന്നോട്ട് പോകുമെന്ന് അധ്യക്ഷത വഹിച്ച വൈസ് പ്രസിഡൻറ് സലിം മാഹി പറഞ്ഞു. പ്രവാസി വെൽഫെയർ സൗദി അറേബ്യ തയ്യാറാക്കിയ കണ്ണൂർ എയർപോർട്ട് സംബന്ധിച്ച വീഡിയോ പ്രദർശിപ്പിച്ചു. ജില്ലാകമ്മിറ്റി ഭാരവാഹികളായ മനാഫ് സ്വാഗതവും നജാത്തുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.