ഫാഷിസ്റ്റ് വിരുദ്ധ ജനപക്ഷ രാഷ്ട്രീയ ചേരി ശക്തിപ്പെടുത്തും -റസാഖ് പാലേരി
text_fieldsജിദ്ദ: ഹിന്ദുത്വ ഫാഷിസം, സവർണ മേൽക്കോയ്മ, കോർപ്പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്ത് പിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേധാവിത്വം പ്രഖ്യാപിക്കും വിധമുള്ള ചടങ്ങുകൾ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിൽ വരെ കണ്ടു. ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണ്. കർണാടക തെരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണ്. ഇന്ത്യയിൽ വംശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മുസ്ലീങ്ങൾ, ദളിതർ, ആദിവാസികൾ, ക്രൈസ്തവർ, ദളിത് ക്രൈസ്തവർ, പിന്നാക്ക ഹിന്ദുക്കൾ, സ്ത്രീകൾ, തീരദേശ ജനത, ഭൂരഹിതർ, കർഷകർ, തൊഴിലാളികൾ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയർത്തുന്ന വിശാല രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടണം.
ഹിന്ദുത്വ ഫാസിസം, കോർപ്പറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം, സവർണ്ണ മേൽക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണ സമീപനം എന്നിവക്കെതിരായ നവ ജനാധിപത്യത്തിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാൽ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ. ഇതിനാവശ്യമായ കർമ്മപദ്ധതിക്ക് വെൽഫെയർ പാർട്ടി രൂപം നൽകിയിട്ടുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആശയപരമായും പ്രായോഗികമായും ദുർബലപ്പെട്ട സാഹചര്യത്തെയാണ് സംഘ്പരിവാർ പ്രയോജനപ്പെടുത്തുന്നത്. ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘപരിവാർ അതിന്റെ സ്വാധീനം വർധിപ്പിക്കുന്നത്. ഇതരകക്ഷികളും തരാതരം പോലെ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷം അതിന്റെ മുഖ്യ ഗുണഭോക്താക്കളാണ്. 40,000 കോളനികളിൽ നരക ജീവിതം നയിക്കുകയാണ് കേരളത്തിലെ ദളിതർ. മറ്റ് വിഭാഗങ്ങളിലും ഭൂരഹിതർ ധാരാളമായുണ്ട്. ഇത്തരം ജനവിഭാഗങ്ങളുടെ ഭൂ ഉടമസ്ഥത അംഗീകരിക്കാൻ സർക്കാറുകൾ തയാറാകുന്നില്ല. 400 സ്ക്വയർ ഫീറ്റിന്റെ ഫ്ലാറ്റിൽ ഭൂ രഹിതരെ തടവിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വെൽഫെയർ പാർട്ടി നടത്തിവരുന്ന ഭൂസമരം ഈ ഘട്ടത്തിൽ കൂടുതൽ വിപുലപ്പെടുത്തുകയും ഭൂ ഉടമസ്ഥത നേടിയെടുക്കാവുന്ന സമര രീതികൾക്ക് രൂപം നൽകുകയും ചെയ്യും.
ആദിവാസി മേഖലയായതുകൊണ്ട് വയനാട്ടിൽ പ്ലസ്‌ടുവിന് സയൻസ് സീറ്റ് വേണ്ട ആർട്സ് മതി എന്ന് ഒരു മന്ത്രിപറയുന്നത് പോലും ഈ പൊതു ബോധത്തിന്റെ ഭാഗമാണ്. തീരദേശ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്ര ചാർത്തി ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്നു. സ്ത്രീകളുടെ സാമൂഹിക പദവി, സുരക്ഷ, ഭരണ, അധികാര പങ്കാളിത്തം എന്നിവയിൽ നീതിപൂർവ്വമായ സമീപനം ഉണ്ടായിട്ടില്ല. വനിതാ സംവരണത്തിൽ ഇതുവരെയും തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മ വർധിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഇല്ലാതായി കഴിഞ്ഞു. തൊഴിൽ നിയമങ്ങൾ ദുർബലമായി കൊണ്ടിരിക്കുന്നു. തൊഴിൽ സമരങ്ങൾ പോലും അനുവദിക്കാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്.
രണ്ടാം പിണറായി സർക്കാർ ജനവിരുദ്ധ സർക്കാറായി മാറിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കും പദ്ധതികൾക്കും എതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടി എല്ലാക്കാലത്തും നിലയിറപ്പിച്ചിട്ടുണ്ട്. സാമൂഹ്യനീതി പുലരുന്ന സാമൂഹം കെട്ടിപ്പടുക്കാൻ വേണ്ടിയാണ് വെൽഫെയർ പാർട്ടി നിലകൊള്ളുന്നത്. ആ കടമ കൂടുതൽ കരുത്തോടെ നിർവഹിക്കാൻ കഴിയുന്ന നിർണായക രാഷ്ട്രീയ ശക്തിയായി വെൽഫെയർ പാർട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ പാലോട്, വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.