കളമശേരി ഭീകരാക്രമണം; മുസ്ലിം പേരുള്ള പ്രതികളാണെങ്കിൽ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് - പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ്
text_fieldsജിദ്ദ: എട്ടു പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനക്കസിലെ പ്രതി ഡൊമനിക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ ഇടത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇരട്ടത്താപ്പ് ഒന്ന് കൂടി വെളിച്ചത്തായതായി പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി പ്രസ്താവിച്ചു.
കേരളം എത്രത്തോളം ഇസ്‌ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും 50 തോളം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കേരളം കണ്ട ഏറ്റവും വലിയ ബോംബ് സ്ഫോടന ഭീകര സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമനിക് മാർട്ടിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കാസ പോലുള്ള വർഗീയ സംഘങ്ങളുടെയും സംഘ്പരിവാറിന്റെയും പങ്കിനെക്കുറിച്ചും ഗുഢാലോചനയെക്കുറിച്ചും അന്വേഷിക്കണം എന്ന ശക്തമായ ആവശ്യം ഉയർന്നുവന്നെങ്കിലും പോലീസും സർക്കാരും ഇതുവരെ അതിനു തയാറായിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണ കേസിൽ യു.എ.പി.എ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുഷ്‌കാന്തിക്ക് പിന്നിൽ എന്താണെന്നറിയേണ്ടതുണ്ട്. പുസ്തകങ്ങൾ കൈവശം വച്ചതിന് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ യു.എ.പി.എ ചുമത്തി മാസങ്ങളോളം തടവിലിട്ട് പീഡിപ്പിച്ച സർക്കാരാണിത്. യു.എ.പി.എ ചുമത്താനുള്ള ഈ സർക്കാരിന്റെ മാനദണ്ഡം മുസ്ലിം പേരാണോ എന്ന് സംശയിച്ചു പോകുന്ന നിലപാടാണിത്.
പ്രതിയുടേത് മുസ്‌ലിം പേരാണെങ്കിൽ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാലമത്രയും തുടർന്ന് പോന്നിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിൽ നിന്ന് ഭിന്നമായ നിലപാടല്ല കേരളത്തിലേത് എന്ന് കുറ്റപ്പെടുത്തിയാൽ തെറ്റുപറയാനാവില്ല. കൊല്ലപ്പെട്ട യഹോവ സാക്ഷികൾക്ക് നീതി ലഭ്യമാക്കുകയും, ഭീകരതക്ക് പിന്നിലുള്ള സംഘങ്ങൾക്കെതിരിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കുന്ന നയം സർക്കാർ ഉപേക്ഷിക്കണമെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് കമ്മിറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.